കന്നിക്കിരീടത്തിനായി സാലിയുടെ കൊച്ചി; കെസിഎല്‍ ചാംപ്യന്‍ പട്ടം നിലനിർത്താന്‍ കൊല്ലം

കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ നാളെ ഫൈനൽ പോരാട്ടം. നിലവിലെ ചാംപ്യന്മാരായ കൊല്ലം സെയിലേഴ്സ്, കൊച്ചി ബ്ലൂ ടൈഗേഴ്സിനെ നേരിടും. കൊച്ചി ടീമിൽ സഞ്ജുവും ഒപ്പം ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നതായി ക്യാപ്റ്റൻ സാലി സാംസൺ ന്യൂസ് മലയാളത്തോട് പറഞ്ഞു.
കുട്ടിക്രിക്കറ്റിൻ്റെ ആവേശം കേരളക്കരയെ ത്രസിപ്പിച്ച രണ്ടാഴ്ചക്കിപ്പുറമാണ് കെസിഎല്ലിൻ്റെ ഫൈനൽ പോരാട്ടത്തിന് കളമൊരുങ്ങുന്നത്. കെസിഎല്ലിലെ നിലവിലെ ജേതാക്കളും ലീഗ് ടോപ്പേഴ്സും ഏറ്റുമുട്ടുമ്പോൾ മത്സരം തീപാറുമെന്നുറപ്പാണ്. സെമിയില്‍ ചാംപ്യൻ ടീമിൻ്റെ പ്രകടനം കാഴ്ചവച്ച കൊല്ലം തൃശൂരിനെ തകർത്താണ് ഫൈനലിലെത്തിയത്. 86 റൺസിന് തൃശൂരിനെ ബൗളർമാർ ചുരുട്ടിക്കെട്ടിയപ്പോൾ, കൊല്ലത്തിൻ്റെ ബാറ്റർമാർ 10 ഓവറിനുള്ളിൽ വിജയലക്ഷ്യം അടിച്ചെടുക്കുകയും ചെയ്തു. സച്ചിൻ ബേബിയുടെ അനുഭവ സമ്പത്തുള്ള നായകത്വവും കൊല്ലത്തിന് മുതൽകൂട്ടായി. ഫൈനലിലും ഈ പ്രകടനം ആവർത്തിക്കാനായാല്‍ ചാംപ്യന്മാരെ മറികടക്കുക പ്രയാസമാകും.




