10 സെക്കൻഡിന് 16 ലക്ഷം രൂപ! ഏഷ്യാ കപ്പിലെ ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തിലെ പരസ്യ സംപ്രേഷണത്തിന് റെക്കോഡ് തുക

കുതിച്ചു കയറി 2025 ഏഷ്യാ കപ്പിലെ ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തിന്റെ ടെലിവിഷൻ ഒടിടി പരസ്യ നിരക്കുകൾ. ഇന്ത്യയുടെ 2025 ഏഷ്യാ കപ്പ് മത്സരങ്ങളുടെ പരസ്യ ഇൻവെന്ററിയുടെ 10 സെക്കൻഡ് സ്ലോട്ടിന് 14-16 ലക്ഷം രൂപയാണ് വിലയെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഒറ്റ സെക്കൻഡിന് ഒന്നരലക്ഷം രൂപയിലധികമാണ് പരസ്യനിരക്കെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ ഏഷ്യാ കപ്പിന്റെ തത്സമയ സംപ്രേഷണ, സ്ട്രീമിംഗ് അവകാശങ്ങൾ സോണി സ്പോർട്സ് നെറ്റ്‌വർക്കിനാണ്.ഔദ്യോഗിക സംപ്രേക്ഷണ അവകാശ ഉടമയായ സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്ക്‌സ് ഇന്ത്യ (എസ്‌പിഎൻഐ) പരസ്യദാതാക്കൾക്ക് നൽകുന്ന പരസ്യ കാർഡ് നിരക്ക് അനുസരിച്ച്, ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനിടെ ടിവിയിൽ 10 സെക്കൻഡ് ദൈർഘ്യമുള്ള ഒരു പരസ്യത്തിന് 16 ലക്ഷം രൂപ വിലവരും.
സെപ്റ്റംബർ 14നാണ് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ചിരവൈരികളായ പാകിസ്ഥാനെ നേരിടുന്നത്.ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഹൈ-വോൾട്ടേജ് മത്സരം നടക്കുക. പഹൽഗാം ഭീകരാക്രമണത്തിനും തുടർന്നുണ്ടായ ഇന്ത്യാ പാക് സംഘർഷങ്ങൾക്കും ശേഷം ആദ്യമായാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.




