കനത്ത മഴ: ഇന്നത്തെ ഓണപ്പരീക്ഷയടക്കം മാറ്റി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് തൃശൂർ കളക്ടർ

തൃശൂര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ ഇന്നും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. തൃശൂർ ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. സി ബി എസ് ഇ, ഐ സി എസ് ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല. സ്കൂൾതലത്തിലുള്ള പരീക്ഷകൾക്ക് അവധി ബാധകമാണ്. ഇന്ന് നടക്കേണ്ട ഓണപ്പരീക്ഷയുയടക്കം മാറ്റിവച്ചിട്ടുണ്ട്. ഓണപ്പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും കളക്ടർ വ്യക്തമാക്കി. മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ഇന്നും അതിശക്ത മഴക്കുള്ള സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ച്. ഇന്ന് രണ്ട് ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. 3 ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. 2 ന്യൂനമർദ്ദം രൂപപ്പെട്ടതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമായി നിലനിർത്തുന്നത്. ഇത് കാരണം കൊങ്കൺ മുതൽ വടക്കൻ കേരള തീരം വരെ അറബിക്കടലിൽ ന്യുന മർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് വ്യക്തമാകുന്നത്.




