സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ തുടരും. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.




