Uncategorized

അദീന തയ്യാറെടുപ്പുകൾ തുടങ്ങിയത് രണ്ടുമാസം മുമ്പേ, ആണ്‍ സുഹൃത്തിനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസിൽ കൂട്ടുപ്രതികളെ തേടി പൊലീസ്

എറണാകുളം, കോതമംഗലത്ത് ആണ്‍ സുഹൃത്തിനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ കൂട്ടുപ്രതികളെ കണ്ടെത്താൻ പൊലീസ് . ഇതിനായി പ്രതി അദീനയെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. രണ്ട് ദിവസത്തേക്കാണ് അദീനയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

അന്‍സിലിന്റെ മരണത്തില്‍ അദീനക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നുള്ള സംശയത്തിലാണ് പൊലീസ്. രണ്ട് മാസം മുൻപ് തന്നെ കൊലപാതകത്തിനുള്ള തയ്യാറെടുപ്പ് അദീന ആരംഭിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അദീന ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് കൃത്യം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വിഷം അന്‍സില്‍ കൊണ്ടുവന്നതെന്നായിരുന്നു അദീന ആദ്യം നല്‍കിയ മൊഴി.

എന്നാല്‍ കളനാശിനി ദിവസങ്ങള്‍ക്ക് മുന്‍പുതന്നെ വാങ്ങിവെച്ചിരുന്നത് അന്വേഷണത്തില്‍ കണ്ടെത്തി. ആശുപത്രിയിലേക്ക് പോകുമ്പോള്‍ ആംബുലന്‍സില്‍വെച്ച് അന്‍സില്‍ നടത്തിയ വെളിപ്പെടുത്തലും നിര്‍ണ്ണായകമായി. അവള്‍ വിഷം നല്‍കി, എന്നെ ചതിച്ചുവെന്നാണ് അന്‍സില്‍ പറഞ്ഞത്. കൃത്യത്തിന് ശേഷം അന്‍സിലിന്റെ മൊബൈല്‍ അദീന വീടിനുസമീപം കാട്ടിലേക്ക് വലിച്ചെറിഞ്ഞിരുന്നു. വീട്ടിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് എടുത്തുമാറ്റുകയും ചെയ്തിരുന്നു.

ഫോണ്‍ അന്വേഷണ സംഘം പരിശോധനയ്ക്ക് അയക്കും. ഹാര്‍ഡ് ഡിസ്‌ക് കിട്ടിയാല്‍ നിര്‍ണ്ണായക വിവരം ലഭിക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. സിസിടിവി തകരാറിലാക്കാന്‍ അടക്കം പരസഹായം ലഭിച്ചോ എന്നതും പരിശോധിക്കും. ഇതിനായി പ്രതിയുടെ കൂടുതല്‍ ചോദ്യം ചെയ്യല്‍ അനിവാര്യമെന്ന നിലപാടിലാണ് പൊലീസ്. പൊലീസിന്റെ ഈ അപേക്ഷ അംഗീകരിച്ചാണ് കോതമംഗലം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അദീനയെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button