കെസിഎല്‍: ഇത്തവണയും റണ്ണൊഴകും, ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പിച്ചുകളുടെ നിര്‍മ്മാണം അവസാനഘട്ടത്തില്‍

തിരുവനന്തപുരം: കെസിഎല്‍ രണ്ടാം സീസണ്‍ അടുത്തെത്തി നിൽക്കെ പിച്ചുകളുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണെന്ന് കെ.സി.എ അറിയിച്ചു. ആദ്യ സീസണെ അപേക്ഷിച്ച് രണ്ടാം സീസണില്‍ കൂടുതല്‍ റണ്ണൊഴുക്ക് പ്രതീക്ഷിക്കാമെന്നാണ് പിച്ചിന്‍റെ ക്യൂറേറ്ററായ എ എം ബിജു പറയുന്നത്. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ ആറ് വരെയാണ് രണ്ടാം സീസണിലെ മൽസരങ്ങള്‍ നടക്കുക.
ആദ്യ സീസണ്‍ പകുതി പിന്നിട്ട ശേഷമായിരുന്നു കൂറ്റന്‍ സ്‌കോറുള്ള മൽസരങ്ങള്‍ താരതമ്യേന കൂടുതല്‍ പിറന്നത്. ഫൈനല്‍ ഉള്‍പ്പടെ മൂന്ന് കളികളില്‍ സ്‌കോര്‍ 200 പിന്നിടുകയും ചെയ്തു. കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് ഉയര്‍ത്തിയ 213 റണ്‍സ് മറികടന്നായിരുന്നു ഫൈനലില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സ് കപ്പുയര്‍ത്തിയത്. ഇത്തവണ തുടക്കം മുതല്‍ തന്നെ റണ്ണൊഴുകുന്ന മൽസരങ്ങള്‍ കാണാമെന്നാണ് ക്യൂറേറ്റര്‍ എ എം ബിജു പറയുന്നത്.
ടി20യില്‍ കൂടുതല്‍ റണ്‍സ് പിറന്നാല്‍ മാത്രമെ മൽസരം ആവേശത്തിലേക്കുയരൂ എന്നാണ് ക്യൂറേറ്റര്‍ ബിജുവിന്‍റെ പക്ഷം. അതിന് യോജിച്ച പേസും ബൗണ്‍സുമുള്ള പിച്ചുകളാണ് ഒരുക്കുന്നത്. ഇതിനായി കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്നെത്തിച്ച പ്രത്യേക തരം കളിമണ്ണ് ഉപയോഗിച്ചാണ് പിച്ചുകള്‍ തയ്യാറാക്കുന്നത്. ബാറ്റിങ്ങിന് അനുയോജ്യമെങ്കിലും കണിശതയോടെ പന്തെറിഞ്ഞാല്‍ പേസും ബൗണ്‍സും ബൗളര്‍മാരെയും തുണയ്ക്കുമെന്നും ബിജു പറയുന്നു.




