‘നീളം കുറഞ്ഞ ഉടുപ്പിടുന്നതിന്റെ പേരിൽ വഴക്കു പറയാറുണ്ട്’; കെ എസ് ചിത്രയെ കുറിച്ച് രഞ്ജിനി ഹരിദാസ്

മലയാളത്തിലെ അവതാരകരിൽ ഏറെ ശ്രദ്ധേയയാണ് രഞ്ജിനി ഹരിദാസ്. മലയാളവും ഇംഗ്ലീഷും കലര്‍ന്ന സംസാര രീതിയാണ് രഞ്ജിനിയെ ശ്രദ്ധേയയാക്കിയത്. ഇതിന്റെ പേരിൽ വിമര്‍ശനങ്ങൾ നേരിട്ടിരുന്നെങ്കിലും അതോടൊപ്പം തന്നെ മികച്ച സ്വീകാര്യതയും ജനപിന്തുണയും രഞ്ജിനിക്ക് ലഭിച്ചിരുന്നു. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിങ്ങറിലൂടെ ജനപ്രീതി നേടിയ രഞ്ജിനി, ദ ഗ്രീൻ റൂം എന്ന പേരിൽ പുതിയ ഷോയും ആരംഭിച്ചിരിക്കുകയാണ്. ഗായിക കെഎസ് ചിത്രയായിരുന്നു ഷോയിലെ ആദ്യത്തെ അതിഥി.
രഞ്ജിനിയുമായി അടുത്ത ആത്മബന്ധം സൂക്ഷിക്കുന്നയാൾ കൂടിയാണ് ചിത്ര. ജൂലെെ 26നായിരുന്നു ഷോയുടെ ആദ്യത്തെ എപ്പിസോഡ് സ്ട്രീം ചെയ്തത്. ചിത്രച്ചേച്ചിയും താനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഈ ഷോയിലും രഞ്ജിനി സംസാരിക്കുന്നുണ്ട്.
”നീളം കുറഞ്ഞ ഉടുപ്പിടുന്നതിന്റെ പേരിൽ ചിത്ര ചേച്ചി എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. കാലിൻമേൽ കാൽ കയറ്റി വെച്ച് റിഹേഴ്സലിൽ ഇരിക്കുമ്പോഴൊക്കെ ചേച്ചി എനിക്ക് മെസേജ് അയക്കും. ‘ലെഗ്സ് ഡൗൺ’ എന്നായിരിക്കും മെസേജ്. എന്റെ ലെെഫിൽ എന്നെ കല്യാണം കഴിപ്പിക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹമുള്ളത് ചിത്ര ചേച്ചിക്കാണ്. അമ്മയ്ക്ക് പോലും അത്രയും ആഗ്രഹമില്ല”, എന്ന് രഞ്ജിനി ഹരിദാസ് പറഞ്ഞു.




