കോളയാട് : കണ്ണവം റിസർവ് വനമേഖലയിൽപ്പെട്ട യാത്രാസൗകര്യം കുറഞ്ഞ പന്നിയോട്, പെരുവ പ്രദേശങ്ങളിൽ നിന്ന് കോളയാട് സെന്റ് സേവ്യേഴ്സ് യുപി സ്കുളിൽ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളെ നേരിൽ കണ്ടെത്തി പുതിയ അധ്യയന വർഷത്തെ പാഠപുസ്തകങ്ങൾ നൽകി പുതിയ മാതൃക സൃഷ്ടിക്കുകയാണ് അധ്യപകർ.
കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ സ്കൂളിൽ നേരിട്ടെത്തി പാഠപുസ്തകങ്ങൾ വാങ്ങാൻ രക്ഷിതാക്കൾക്ക് പ്രയാസം നേരിടുന്നതിനാലാണ് വിദ്യാർഥികൾക്കുള്ള പാഠപുസ്തകങ്ങൾ നേരിട്ടെത്തി നൽകിയത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ അറ്റുപോയ ഗുരുശിഷ്യബന്ധം വിളക്കിചേർക്കൽ കൂടിയായി ഇത്തരമൊരു സന്ദർശനം. മുഖ്യാധ്യാപിക സിസ്റ്റർ ജാൻസി ജോസഫ്, സഹഅധ്യാപികമാരായ നീതു വിക്ടർ, ഷെർളി ബർണാഡ്,
തുഷാര സെബാസ്റ്റ്യൻ, ഓഫിസ് അസിസ്റ്റന്റ് കെ.വി.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ ദൗത്യവുമായി കോളനികളിൽ എത്തിയത്.