കണ്ണൂർ: കോവിഡ് രണ്ടാംതരംഗത്തില്‍ വീടുകളും രോഗവ്യാപന ഇടങ്ങളായി കണ്ട് ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു. വീടുകളില്‍ രോഗവ്യാപനം തടഞ്ഞുനിര്‍ത്തുന്നതിനു വേണ്ടിയുള്ള ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
=അവശ്യസേവന വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍, അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോകുന്നവര്‍ എന്നിവര്‍ പോയിവന്നാല്‍ കുളിച്ചു ശുദ്ധമായി മുറിയില്‍ തന്നെ കഴിയണം.
=പുറത്തുനിന്നു വന്നാല്‍ വീടിനകത്തു മറ്റൊരു മാസ്ക് ഉപയോഗിക്കുക.
=വീട്ടിലെ കുട്ടികള്‍, വയോധികര്‍, മറ്റു രോഗങ്ങളുള്ളവര്‍ എന്നിവരുടെ അടുത്തേക്കു പോകരുത്.
=ആരും പുറത്തുപോകുന്നില്ലെങ്കിലും വീടിനുള്ളിലെ പൊതു ഇടങ്ങള്‍ കുറയ്ക്കണം. ഭക്ഷണം കഴിക്കല്‍, ടിവി കാണല്‍, പ്രാര്‍ഥന എന്നിവ ഒറ്റയ്ക്കോ പ്രത്യേക മുറിയിലോ ചെയ്യുക.
=ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ മറ്റംഗങ്ങളുമായി ഇടപഴകരുത്. റൂം ക്വാറൻന്റൈന് കൃത്യമായി പാലിക്കുക. രോഗലക്ഷണം കണ്ടാല്‍ തൊട്ടടുത്തുള്ള പരിശോധനാ കേന്ദ്രത്തിലെത്തി പരിശോധിക്കുക. ഫലം വരുന്നതുവരെ നിരീക്ഷണത്തില്‍ കഴിയുക.
=സുഖാന്വേഷണങ്ങളെല്ലാം ഫോണില്‍ക്കൂടി മാത്രം നടത്തുക. ബന്ധുവീട്, അയല്‍വീട് സന്ദര്‍ശനം ഒഴിവാക്കുക. ഏതെങ്കിലും സാഹചര്യത്തില്‍ ഇടപഴകേണ്ടി വന്നാല്‍ ഇരട്ടമാസ്ക് ധരിക്കുക.
=വീടുകളില്‍ രോഗവ്യാപന സാധ്യത കൂടുതലായതിനാല്‍ കുട്ടികളെ മറ്റു വീടുകളിലെ കുട്ടികളുമായി കളിക്കാന്‍ അനുവദിക്കരുത്.
=ഭക്ഷണശേഷം പാത്രങ്ങള്‍ നന്നായി സോപ്പിട്ട് കഴുകുക. പുറത്തുനിന്ന് കൊണ്ടുവരുന്ന സാധനങ്ങളെല്ലാം അണുവിമുക്തമാക്കിയ ശേഷം ഉപയോഗിക്കുക.
=അലക്ഷ്യമായി തുമ്മുക, മൂക്ക് ചീറ്റുക, തുപ്പുക എന്നിവ ചെയ്യരുത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക. കഴുകാത്ത കൈകള്‍ കൊണ്ട് മുഖത്ത് സ്പര്‍ശിക്കരുത്.
=വീടിനുള്ളില്‍ എസി ഉപയോഗം പരമാവധി കുറയ്ക്കുക. ജനാലകള്‍ തുറന്നിട്ട് വായു സഞ്ചാരം സുഗമമാക്കുക.
=സൗഹൃദങ്ങള്‍ നിലനിര്‍ത്താന്‍ നവസാങ്കേതിക വിദ്യകളുടെ സഹായം തേടണം.
=കൂടിച്ചേരലുകളും ഇടവഴിയിലെ കൂട്ടം കൂടലും തത്കാലം ഒഴിവാക്കണം.