സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഫലപ്രദമാകണമെങ്കില്‍ പോലീസിന്റെ ഡ്യൂട്ടി ക്രമപ്പെടുത്തണമെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട്. കേരള പോലീസ് അസോസിയേഷനാണ് സര്‍ക്കാരിന് ലോക്ക്ഡൗണില്‍ നടപ്പാക്കേണ്ട ക്രമീകരണം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന പോലീസുദ്യോഗസ്ഥര്‍ക്ക് ആവശ്യമായ മാസ്കുകളും സാനിറ്റൈസറും ഗ്ലൗസുകളും ഫേസ്ഷീല്‍ഡുകളും ആഭ്യന്തരവകുപ്പ് തന്നെ മുന്‍കൈയെടുത്ത് ലഭ്യമാക്കണമെന്നാണ് പ്രധാന ആവശ്യം. കൂടാതെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന പോലീസുദ്യോഗസ്ഥരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ മൂന്നു സ്ക്വാഡുകളാക്കി ഡ്യൂട്ടി ക്രമീകരിക്കണം.
ഇപ്രകാരം ഡ്യൂട്ടി ക്രമീകരിച്ചാല്‍ ലോക്ക്ഡൗണ്‍ വിജയിപ്പിക്കാം. കഴിഞ്ഞ ലോക്ക്ഡൗണ്‍ സമയത്ത് വളരെ ഫലപ്രദമായി തന്നെ ജില്ലകളില്‍ നടപ്പാക്കിയ ത്രീ ഷിഫ്റ്റ് ക്രമീകരണം ഇപ്പോഴും നടപ്പാക്കണം. ഇതു പ്രകാരം രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ഒരു ഷിഫ്റ്റായി പ്രവര്‍ത്തിക്കണം. അംഗസംഖ്യ അതതു പ്രദേശത്തെ സാഹചര്യമനുസരിച്ചു വ്യത്യാസപ്പെടുത്താം.
ഉച്ചയ്ക്ക് ഒന്നു മുതല്‍ രാത്രി എട്ടുവരെ രണ്ടാം ഷിഫ്റ്റും രാത്രി എട്ടു മുതല്‍ രാവിലെ ആറു വരെ മൂന്നാം ഷിഫ്റ്റും നടപ്പാക്കണം. രാത്രി ഷിഫ്റ്റില്‍ കണ്ട്രോള് റൂം വാഹനങ്ങളും രാത്രി പരിശോധനയും നടത്താന്‍ പ്രത്യേക സംഘത്തെയും ഉപയോഗിക്കണം. കൂടാതെ ആംഡ് റിസര്‍വുകളിലെയും ബറ്റാലിയനുകളിലെയും സേനാംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി വിവിധ സ്ക്വാഡുകള്‍ രൂപീകരിച്ചാല്‍ വളരെ ഫലപ്രദമായി കോവിഡിനെ നേരിടാമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ടെലി മെഡിസിന് സംവിധാനത്തിന്റെ ഭാഗമായി രോഗികള്‍ക്ക് മരുന്നുകള്‍ പോലീസ് വീടുകളിലെത്തിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതുപ്രകാരം പോലീസ് മരുന്നുകള്‍ കൈമാറുന്നുമുണ്ട്. എന്നാല്‍ ഈ സേവനങ്ങള്‍ക്ക് മറ്റു സര്‍ക്കാര്‍ ജീവനക്കാരെ കൂടി പരിഗണിക്കണമെന്നും കെപിഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.