മരുഭൂമിയെ വീണ്ടും ഹരിതാഭമാക്കാൻ ദുബായ്; ആറ് മാസത്തിനുള്ളില്‍ എമിറേറ്റിൽ നട്ടത് മൂന്ന് ലക്ഷം മരങ്ങള്‍

മരുഭൂമിയില്‍ ഹരിതവസന്തം വിരിയിക്കാന്‍ വന്‍ വനവല്‍ക്കരണ പദ്ധതി നടപ്പാക്കി ദുബായ്. ഈ വര്‍ഷം ആറ് മാസത്തിനുള്ളില്‍ മൂന്ന് ലക്ഷത്തിലധികം മരങ്ങളാണ് ദുബായിൽ നട്ടുപിടിപ്പിച്ചത്. പ്രധാന റോഡുകളിലാണ് വനവല്‍ക്കരണ ക്യാമ്പെയിനിന്റെ ഭാഗമായി വൃക്ഷത്തൈ നട്ടുപിടിപ്പിച്ചിരിക്കുന്നത്. ദീര്‍ഘകാല പാരിസ്ഥിതിക നേട്ടങ്ങള്‍ മുന്നില്‍കണ്ടും മനോഹരമായ ഹരിതഭംഗി ഒരുക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
നഗരത്തെ കൂടുതല്‍ സുസ്ഥിരവും വാസയോഗ്യവുമാക്കുന്നതിനുള്ള പദ്ധതിക്ക് നേതൃത്വം നല്‍കിയത് ദുബായ് മുനിസിപ്പാലിറ്റിയാണ്. 2025 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസത്തിനിടയിലാണ് ഇത്രയധികം മരങ്ങള്‍ ദുബായ് മുനിസിപ്പാലിറ്റി നട്ടുപിടിപ്പിച്ചത്. ചെടികളുടെ തിരഞ്ഞെടുപ്പും ആസൂത്രിതമായാണ് ചെയ്തിരിക്കുന്നത്. തദ്ദേശീയമായ ഇനങ്ങളും സൗന്ദര്യത്തിനും വൈവിധ്യത്തിനുമായി അലങ്കാര വൃക്ഷങ്ങളും സന്തുലിതമായി നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഗ്രീന്‍ ദുബായ് ഇനിഷ്യേറ്റീവിന്റെയും ദുബായ് 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിന്റെയും ഭാഗമായാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
ഏകദേശം 30 ലക്ഷം ചതുരശ്രമീറ്ററിലാണ് വനവല്‍ക്കരണം സാധ്യമാക്കിയിരിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം മരങ്ങള്‍ക്കുപുറമേ വിത്തുച്ചെടികളും നട്ടിട്ടുണ്ട്. 2,22,500 ചതുരശ്ര മീറ്ററില്‍ സീസണല്‍ പൂക്കളും പുല്‍ത്തകിടിയുമാണ് ഒരുക്കിയിട്ടുള്ളത്. സന്ദര്‍ശകര്‍ക്ക് ഇത് കാഴ്ച്ചയുടെ വസന്തം തീര്‍ക്കും. ഏകദേശം 190 മില്യണ്‍ യുഎഇ ദിര്‍ഹമാണ് പദ്ധതി നടത്തിപ്പിനായി ചെലവഴിച്ചിരിക്കുന്നത്.
സുസ്ഥിര ഭൂഗര്‍ഭ പമ്പ് ജലസേചന സംവിധാനങ്ങള്‍ വഴിയാണ് പദ്ധതിക്കാവശ്യമായ വെള്ളം എത്തിക്കുന്നത്. ഇതിനായി നഗരം സ്മാര്‍ട്ട് വാട്ടര്‍ മാനേജ്‌മെന്റ് ഉപയോഗപ്പെടുത്തി. ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി) അധിഷ്ടിത റിമോട്ട് കണ്‍ട്രോള്‍ നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിച്ചാണ് ജലസേചന സംവിധാനം പ്രവര്‍ത്തിക്കുന്നത്. വെള്ളത്തിന്റെ ഉപയോഗം കൃത്യമായി നിരീക്ഷിക്കാനും ഓരോ ചെടിക്കും ജല ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം ജലം സംരക്ഷിക്കാനും ഈ സംവിധാനം സഹായകമാകും. ദുബായിയിലെ വരണ്ട കാലാവസ്ഥയ്ക്ക് അനുയോജ്യമായ തരത്തിലാണ് ജലസേചന സംവിധാനം ഒരുക്കിയിരിക്കുന്നത്.




