സന്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ദീർഘ ദൂര യാത്രാക്കാരുടെ ആവശ്യാനുസരണം ഇന്നു കൂടുതൽ സർവീസുകൾ നടത്തുമെന്നു സിഎംഡി ബിജു പ്രഭാകർ അറിയിച്ചു.
ഇന്നു രാത്രിവരെയാവും കൂടുതൽ സർവീസുകൾ ഉണ്ടാവുക. ബംഗളൂരുവിൽ നിന്നും ആവശ്യം വരുന്ന പക്ഷം സർക്കാർ നിർദേശ പ്രകാരം എമർജൻസി ഇവാക്യുവേഷനു മൂന്നു ബസുകൾ കേരളത്തിലേക്ക് സർവീസ് നടത്താൻ തയാറാക്കിയിട്ടുണ്ട്.
ഇവ കർണാടക സർക്കാർ അനുവദിച്ചാൽ അവിടെനിന്നും കേരളത്തിലേക്ക് സർവീസ് നടത്തും. ആശുപത്രി ജീവനക്കാർക്കും രോഗികൾക്കുമായി സർവീസ് നടത്തുന്നതിന് കെഎസ്ആർടിസി തയാറാണ്. ആശുപത്രി സൂപ്രണ്ടുമാർ അതാത് സ്ഥലങ്ങളിലെ യൂണിറ്റ് ഓഫീസമാരുമായി ബന്ധപ്പെട്ടാൽ ആവശ്യമായ സർവീസുകൾ നടത്തും. കൂടുതൽ ക്രമീകരണങ്ങൾക്കായി കണ്ട്രോൾ റൂമിൽ ബന്ധപ്പെട്ടാലും അതിനുള്ള സജ്ജീകരണം ഒരുക്കും.
യാത്രക്കാരുടെ തിരക്ക് ഇന്ന് വൈകുന്നേരം അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ എല്ലാ യൂണിറ്റ് ഓഫീസർമാരും ദീർഘദൂര സർവീസുകൾ ഉൾപ്പെടെ യാത്രക്കാരുടെ തിരക്കിനനുസരിച്ച് പരാതിരഹിതമായി കൂടുതൽ സർവീസുകൾ നടത്തണമെന്ന് സിഎംഡി നിർദേശവും നൽകി. കണ്ട്രോൾ റൂം നന്പർ 9447071021, 0471 2463799.