കൊച്ചി ബ്ലൂ ടൈഗേഴ്സിനെ നയിക്കാന്‍ സാംസണ് ബ്രദേഴ്സ്; സഞ്ജു ഉപനായകന്‍, സാലി ടീമിനെ നയിക്കും

കൊച്ചി: കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ, സാലി സാംസണ് നയിക്കും. അനുജന് സഞ്ജു സാംസനാണ് വൈസ് ക്യാപ്റ്റന്‍. ഈ സീസണിലെ താര ലേലത്തില്‍ ഏറ്റവും വിലയേറിയ താരമാണ് സഞ്ജു സാംസണ്. 26.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് ഇന്ത്യന്‍ താരമായ സഞ്ജുവിനെ ടീമില്‍ എത്തിച്ചത്. അടിസ്ഥാന വിലയായ എഴുപത്തയ്യായിരം രൂപയാണ് സാലിയുടെ പ്രതിഫലം. ടീം ഉടമ സുഭാഷ് ജി. മാനുവലാണ് ഇന്‍സ്റ്റഗ്രാമിലൂടെ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും പ്രഖ്യാപിച്ചത്.
ആദ്യമായാണ് സഞ്ജു കെസിഎലിന്റെ ഭാഗമാകുന്നത്. കഴിഞ്ഞസീസണിലും കൊച്ചിയുടെ താരമായിരുന്നു സാലി. കെ.എം. ആസിഫ്, വിനൂപ് മനോഹരന്, അഖിന് സത്താര്‍, ജെറിന് പി.എസ്., ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍, നിഖില്‍ തോട്ടത്ത് തുടങ്ങിയവരും ടീമിലുണ്ട്. ലീഗില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകളും സഞ്ജുവിന് വേണ്ടി താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കൊച്ചിയുടെ വലിയ തുകയ്ക്ക് മുന്നില്‍ ശേഷിക്കുന്ന ടീമുകള്‍ മുട്ടുമടക്കുകയായിരുന്നു.




