കേരളത്തിലെ നാല് റെയിൽ പദ്ധതികൾ പാർലമെൻ്റ് മൺസൂൺ സമ്മേളനത്തിൽ ചർച്ചയാകും; എംപിമാരോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽ ആവശ്യങ്ങൾ പാർലമെൻ്റിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരണമെന്ന് എംപിമാരോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെൻ്റിൻ്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി തിരുവനന്തപുരം സർക്കാർ അതിഥി മന്ദിരത്തിൽ മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി വിവിധ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയത്.
സംസ്ഥാനത്തെ റെയിൽ വികസനത്തെക്കുറിച്ച് വിശദമായ മെമ്മോറാണ്ടം കേന്ദ്ര റെയിൽവേ മന്ത്രിയെ നേരിൽകണ്ട് മുഖ്യമന്ത്രി സമർപ്പിച്ചിരുന്നു. അതിൻ്റെ തുടർച്ചയായി തലശേരി – മൈസൂർ, നിലമ്പൂർ – നഞ്ചൻഗുഡ് റെയിൽ പദ്ധതി, കാഞ്ഞങ്ങാട് – പാണത്തൂർ – കണിയൂർ റെയിൽവേ ലൈൻ, അങ്കമാലി – എരുമേലി – ശബരി റെയിൽവേ ലൈൻ എന്നിന അനുവദിക്കുന്നത് ശ്രദ്ധയിൽപ്പെടുത്തണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
സംസ്ഥാനത്ത് മൂന്നാമതും നാലാമതും റെയിൽവേ ലൈനുകൾ അനുവദിക്കുന്നതും, കൊച്ചി മെട്രോ – എസ് എൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ വരെ നീട്ടുന്നതിനുള്ള തുക അനുവദിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.




