3.8 ലക്ഷം രൂപയ്ക്ക് പ്രതിമാസം പലിശ മാത്രം 38,000 രൂപ ; നിരന്തര ഭീഷണി സഹിക്കാനാവാതെ 33 വയസുകാരൻ ജീവനൊടുക്കി

പുതുച്ചേരി: കൊള്ളപ്പലിശക്കാരുടെ നിരന്തര ഭീഷണിയെയും പീഡനത്തെയും തുടർന്ന് 33 വയസ്സുകാരനായ ചെറുകിട വ്യാപാരി ആത്മഹത്യ ചെയ്തു. പുതുച്ചേരി സ്വദേശിയായ വിക്രം എന്നയാളാണ് ജീവനൊടുക്കിയത്. 3.8 ലക്ഷം രൂപ വായ്പയെടുത്തതിന് 10 ശതമാനം പ്രതിമാസ പലിശ നിരക്കിൽ എല്ലാ മാസവും 38,000 രൂപ പലിശ ഇനത്തിൽ മാത്രം നൽകേണ്ടി വന്നതായി ഇയാൾ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. കുടുംബം പുലർത്തുന്നതിനായി ഒരു ചിക്കൻ കടയിലും ജോലി ചെയ്തിരുന്ന വിക്രമിന്, ഒരു അപകടത്തിൽ ശരീരം തളർന്നതിനെത്തുടർന്ന് വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വരികയായിരുന്നു. ഇതോടെ പലിശയ്ക്ക് പണം നൽകിയവരിൽ നിന്നുള്ള സമ്മർദ്ദം വർധിക്കുകയും, ഇത് ആത്മഹത്യയിലേക്ക് നയിക്കുകയുമായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
മരണപ്പെട്ട വിക്രം എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടുത്തിട്ടുണ്ട്. ഇതിൽ തന്നെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ച നിരവധി പണമിടപാടുകാരുടെ പേരുകൾ പരാമർശിച്ചിട്ടുണ്ട്. കുറിപ്പിൽ ഞെട്ടിക്കുന്ന പീഡന വിവരങ്ങളും ചൂഷണങ്ങളും വെളിപ്പെടുത്തുന്നുമുണ്ട്. കടം തീർക്കുന്നത് വരെ ഭാര്യയെയും മകളെയും വീട്ടിലേക്ക് അയക്കാൻ ഒരു പണമിടപാടുകാരൻ ആവശ്യപ്പെട്ടതായും കുറിപ്പിൽ പറയുന്നു. 30,000 രൂപ വായ്പയ്ക്ക് പ്രതിമാസം 6,000 രൂപ പലിശ ആവശ്യപ്പെട്ട മറ്റൊരു പണമിടപാടുകാരനെക്കുറിച്ചും വിക്രം പരാമർശിച്ചിട്ടുണ്ട്.




