Uncategorized

‘ക്ഷേത്രം സംരക്ഷിക്കേണ്ടവർ പൊളിച്ചുനീക്കി’; ഖിൽഖേത്തിലെ ദുർഗാക്ഷേത്രം തകർത്തതിൽ ബം​ഗ്ലാദേശ് സർക്കാറിനെ വിമർശിച്ച് ഇന്ത്യ

ദില്ലി: ധാക്കയിലെ ഖിൽഖേത്തിലെ ദുർഗാ ക്ഷേത്രം പൊളിച്ചുമാറ്റിയതിനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. ക്ഷേത്രം പൊളിച്ചുനീക്കിയ നടപടിയെ അപലപിക്കുകയും മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ സംഭവം കൈകാര്യം ചെയ്തതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തുകയും തീവ്രവാദികളുമായി സഹകരിക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്തു. ധാക്കയിലെ ഖിൽഖേത്തിലെ ദുർഗാ ക്ഷേത്രം പൊളിക്കണമെന്ന് തീവ്രവാദികൾ ആഹ്വാനം ചെയ്തിരുന്നുവെന്ന് മനസ്സിലാക്കുന്നു. ക്ഷേത്രത്തിന് സുരക്ഷ ഒരുക്കുന്നതിനുപകരം, ഇടക്കാല സർക്കാർ ഈ സംഭവത്തെ ഭൂമികൈയേറ്റമായി ചിത്രീകരിച്ച് ക്ഷേത്രം നശിപ്പിക്കാൻ അനുവദിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.

ക്ഷേത്രം സംരക്ഷിക്കാനുള്ള സാധ്യത ഉണ്ടായിരുന്നിട്ടും ക്ഷേത്രം പൊളിച്ചുമാറ്റിയതായും മാറ്റി സ്ഥാപിക്കുന്നതിന് മുമ്പ് വി​ഗ്രഹത്തിന് കേടുപാടുകൾ സംഭവിച്ചതായും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ബംഗ്ലാദേശിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഞങ്ങൾക്ക് നിരാശാജനകമാണെന്നും ജയ്‌സ്വാൾ കൂട്ടിച്ചേർത്തു. ന്യൂനപക്ഷ സമുദായങ്ങളെയും അവരുടെ സ്വത്തുക്കളെയും മതസ്ഥാപനങ്ങളെയും സംരക്ഷിക്കേണ്ടത് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഇന്ത്യ അടിവരയിട്ട് പറയുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. റെയിൽവേ ഭൂമിയിൽ നിർമ്മിച്ചതായി ആരോപിച്ചാണ് ഖിൽഖേത് ദുർ​ഗാ ക്ഷേത്രം അധികൃതർ ബുൾഡോസർ ഉപയോ​ഗിച്ച് പൊളിച്ചത്. വിശ്വാസികളുടെ പ്രതിഷേധം അവഗണിച്ച് പൊലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പൊളിച്ച് നീക്കൽ. ബംഗ്ലാദേശ് റെയിൽവേയുടെ ധാക്ക ഡിവിഷനിലെ ഡെപ്യൂട്ടി കമ്മീഷണറുടെയും ഡിവിഷണൽ എസ്റ്റേറ്റ് ഓഫീസറുടെയും ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രം പൊളിച്ചുമാറ്റിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രതിഷേധക്കാരെ പരിസരത്തുനിന്ന് നീക്കിയാണ് ക്ഷേത്രം പൊളിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button