Uncategorized
പ്രളയത്തിൽ തകർന്ന ആറളം വനാതിർത്തിയിലെ ആനമതിൽ പുനർനിർമിക്കാതെ വനംവകുപ്പ്

കേളകം: പ്രളയത്തിൽ തകർന്ന ആറളം വനാതിർത്തിയിലെ ആനമതിൽ വനം വകുപ്പ്
ഇനിയും പുനർനിർമിച്ചിട്ടില്ല. ഉരുൾപൊട്ടലിലും തുടർന്നുണ്ടായ പ്രളയത്തിലും നിരവധി സ്ഥലങ്ങളിലാണ് ആനമതിൽ തകർന്നത്. മുട്ടുമാറ്റി-ചീങ്കണ്ണിപ്പുഴയോരത്തെ തകർന്ന മതിൽ കടന്ന് കാട്ടാനകളും മറ്റ് വന്യമൃഗങ്ങളുമെത്തുന്നതിനാൽ അടക്കാത്തോട് നാട്ടുകാർ ഭീതിയോടെയാണ് കഴിയുന്നത്. നിലവിൽ വനത്തിൽ ഭക്ഷണത്തിനും ക്ഷാമം നേരിടുന്നതോടെ ജനവാസ കേന്ദ്രങ്ങളിലേക്കുള്ള വന്യമൃഗങ്ങളുടെ കടന്ന് കയറ്റവും രൂക്ഷമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആന മതിൽ തകർന്ന ചില സ്ഥലങ്ങളിൽ താൽക്കാലികമായി ഫെൻസിങ് സംവിധാനം ഏർപ്പെടുത്തി വന്യമൃഗങ്ങളെ താൽക്കാലികമായി നിയന്ത്രിക്കുന്നുണ്ടെങ്കിലും ഇതൊന്നും തന്നെ ശാശ്വതമല്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.



