കരുത്ത് തെളിയിച്ച് അൻവർ; കൂടെ കൂട്ടാൻ തയ്യാറായി കോൺഗ്രസ്; വാതിലടച്ചിട്ടില്ലെന്ന് സണ്ണി ജോസഫ്
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ കരുത്ത് തെളിയിച്ച് സ്വതന്ത്ര സ്ഥാനാർഥിയും തൃണമുൽ കോൺഗ്രസ് നേതാവുമായ പിവി അൻവർ. വോട്ടെണ്ണലിന് മുൻപ് മണ്ഡലത്തിൽ വിജയിക്കുമെന്നായിരുന്നു അവകാശപ്പെട്ടതെങ്കിലും ഇടത് വലത് മുന്നണികൾക്ക് ഭീഷണി ഉയർത്താനും എൻഡിഎയ്ക്ക് മുന്നിലെത്താനും അൻവറിനായി.
ഇടതുപക്ഷത്തോട് തെറ്റിപ്പിരിഞ്ഞ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് ആദ്യം രംഗത്തെത്തിയ അൻവർ ആര്യാടൻ ഷൗക്കത്തിനെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയതോടെയാണ് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം പലതവണ യുഡിഎഫുമായി നീക്കുപോക്കിന് ശ്രമിച്ചെങ്കിലും അതൊന്നും വിജയം കാണാതെ വന്നതോടെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുകയായിരുന്നു.
എന്നാൽ നിലമ്പൂർ വോട്ടെണ്ണൽ പുരോഗമിക്കെ തന്നെ കേരള രാഷ്ട്രീയത്തിൽ അൻവറിനെ തള്ളിക്കളയാൻ കഴിയില്ലെന്ന തരത്തിൽ പ്രതികരിച്ചിരിക്കുകയാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അൻവർ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ എന്നും അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.




