കണ്ണൂർ: കോവിഡ് പ്രതിരോധ വാക്സിനേഷന് അര്‍ഹതയുള്ളവര്‍ വാര്‍ഡ് തലത്തില്‍ ഉള്ള ആരോഗ്യപ്രവര്‍ത്തകരുടെയോ ആശാപ്രവര്‍ത്തകരുടെയോ നിര്‍ദേശാനുസരണം മാത്രമേ വാക്സിനേഷന് കേന്ദ്രത്തില്‍ എത്തേണ്ടതുള്ളൂ എന്ന് ജില്ലാ കളക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു.
തിരക്ക് ഒഴിവാക്കാനാണ് ഈ ക്രമീകരണം. മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വാര്‍ഡ് തല ആരോഗ്യപ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍ എന്നിവര്‍ ഓരോ ദിവസവും വാക്സിനേഷന് കേന്ദ്രത്തില്‍ എത്തേണ്ടവരുടെ എണ്ണം മുന്‍കൂട്ടി തയാറാക്കുകയും വാര്‍ഡ്തലത്തില്‍ സ്ഥലവും സമയവും നിര്‍ണയിച്ചു നല്‍കുകയും ചെയ്യും. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് തീയതിയും സമയവും ലഭിച്ചവര്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല. ഇതുവഴി കുത്തിവയ്പ് കേന്ദ്രത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനാകും. ഈ ക്രമീകരണവുമായി സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.