Uncategorized

ജാതി അധിക്ഷേപം പതിവ്, പലവട്ടം താക്കീതിലൊതുങ്ങി; ഒരു വർഷത്തിനിടെ രണ്ടാം സസ്പെൻഷൻ; പവിത്രനെ പിരിച്ചുവിട്ടേക്കും

കാ‌ഞ്ഞങ്ങാട്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് രഞ്ജിതയെ അധിക്ഷേപിച്ച ജൂനിയർ സൂപ്രണ്ട് പവിത്രൻ സസ്പെൻഷനിലാകുന്നത് ഒരു വർഷത്തിനിടെ രണ്ടാം തവണ. ജാതി അധിക്ഷേപം സംബന്ധിച്ച് ഇതിന് മുൻപും പവിത്രനെതിരെ പരാതി ഉയർന്നിരുന്നു. കഴിഞ്ഞ വർഷം സെപ്തംബറിൽ എംഎൽഎയും മുൻ മന്ത്രിയുമായ ഇ ചന്ദ്രശേഖരനെതിരെയായിരുന്നു ജാതി അധിക്ഷേപം. ഇതിൻ്റെ പേരിൽ സസ്പെൻഷനിൽ പോയ ശേഷം തിരികെ സർവീസിൽ കയറിയ പവിത്രൻ, മാസങ്ങൾക്കിപ്പുറം രാജ്യം നടുങ്ങി നിൽക്കെയാണ്, ദുരന്തത്തിൽ ഇരയായ സ്ത്രീക്കെതിരെ പരസ്യമായ അധിക്ഷേപം നടത്തിയത്. ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിടാനാണ് ജില്ലാ കളക്ടറുടെ ശുപാർശ. രഞ്ജിതക്കെതിരെ നടത്തിയ അധിക്ഷേപത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

രഞ്ജിത. ജി.നായരെ കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെയാണ് അപകീര്‍ത്തികരവും തികച്ചും സ്ത്രീവിരുദ്ധവുമായ കമന്റ് ഇയാൾ എഴുതിയത്. സംഭവം വലിയ തോതിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെയാണ് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് പദവിയിൽ നിന്ന് എ.പവിത്രനെ റവന്യൂ വകുപ്പ് സസ്പെൻഡ് ചെയ്‌തു. സമൂഹ മാധ്യമത്തിൽ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കമന്റ് നീക്കം ചെയ്തെങ്കിലും സ്ക്രീൻഷോട്ട് പ്രചരിച്ചിരുന്നു.

നെല്ലിക്കാട് ശ്രീമദ് പരമശിവ വിശ്വകര്‍മ്മ ക്ഷേത്രം പ്രസിഡന്റാണ് പവിത്രനെതിരെ ആദ്യം പരാതി നൽകിയത്. 2023 ആഗസ്തിലായിരുന്നു സംഭവം. സമൂഹ മാധ്യമത്തിലൂടെയുള്ള അപകീര്‍ത്തി പ്രചാരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ എഡിഎം അന്ന് പവിത്രന് താക്കീത് നൽകി. 2024 ഫെബ്രുവരിയില്‍ സമൂഹ മാധ്യമത്തില്‍ അപകീര്‍ത്തപെടുത്തിയെന്ന് കാണിച്ച് വി. ഭുവനചന്ദ്രന്‍ സമര്‍പ്പിച്ച പരാതിയിലും സമൂഹ മാധ്യമത്തില്‍ കമന്റുകളോ പോസ്റ്റുകളോ ഇടുമ്പേള്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് കാണിച്ച് ഇയാളെ മേലുദ്യോഗസ്ഥൻ താക്കീത് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button