‘താരങ്ങളാണെന്ന ബലത്തിൽ കാടടച്ച് വെടിവെക്കരുത്’: പാര്‍വതിക്ക് മറുപടിയുമായി സംവിധായിക വിധു വിന്‍സെന്റ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകളെല്ലാം അവസാനിപ്പിക്കുന്നതായി പ്രത്യേക അന്വേഷണം സംഘം അറിയിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി നടി പാർവതി തിരുവോത്ത് രംഗത്ത് എത്തിയിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ചര വർഷമായല്ലോയെന്നും എന്തെങ്കിലും തീരുമാനമായോ എന്നും മുഖ്യമന്ത്രിയോടായി പാർവതി തിരുവോത്ത് ചോദിച്ചത്.
എന്നാല്‍ ഇപ്പോള്‍ പാര്‍വതിക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായിക വിധു വിന്‍സെന്റ്. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് സംവിധായിക ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എടുത്ത നടപടികള്‍ വിശദീകരിക്കുന്നത്. ‘ഹേമ കമ്മിറ്റി റിപ്പോർട്ടും സർക്കാർ നടപടികളും; വസ്തുതകൾ’ എന്ന പേരിലാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അടക്കം നേടിയ സംവിധായികയുടെ കുറിപ്പ്.
ഹേമ കമ്മിറ്റി റിപ്പോർട്ടും സർക്കാർ നടപടികളും: വസ്തുതകൾ
പാർവതി അടക്കമുള്ളവർ അവർ അഭിനയിച്ച ചില സിനിമകളുമായി ബന്ധപ്പെട്ടുള്ള പരാതികൾ ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴിയായി നൽകിയിരുന്നുവെങ്കിലും പിന്നീട് പോലീസ് കേസുകളുമായി മുന്നോട്ട് പോകാൻ അവരാരും തയ്യാറായിരുന്നില്ല എന്നത് വസ്തുതയാണ്. നിയമപരമായ നടപടികൾക്ക് ഇര/ അതിജീവിതരുടെ പൂർണ സഹകരണവും സാക്ഷ്യവും അത്യാവശ്യമാണെന്നിരിക്കെ അത് ലഭ്യമല്ലാതെ കേസുകൾ ഫലപ്രദമായി നടത്താൻ കഴിയില്ലാ എന്നത് സാമാന്യ യുക്തിയിൽ ബോധ്യപ്പെടുന്ന ഒരു കാര്യമാണ്.




