യൂട്യൂബർമാരും വ്ളോഗർമാരും കുടുങ്ങും! റെയിൽവേ സ്റ്റേഷനിൽ ഫോട്ടോഗ്രാഫിയും വീഡിയോയും നിരോധിച്ച് ഈസ്റ്റേൺ റെയിൽവേ

കൊല്‍ക്കത്ത: റെയിൽവേ സ്റ്റേഷനുകളുടെ ഫോട്ടോകളും വീഡിയോകളും എടുക്കുന്നത് ഒഴിവാക്കണമെന്ന് ബ്ലോഗർമാരോടും യൂട്യൂബർമാരോടും ആവശ്യപ്പെട്ട് ഈസ്റ്റേൺ റെയിൽവേ. തങ്ങളുടെ അധികാരപരിധിയിലുള്ള സ്റ്റേഷനുകളുടെ വിശദമായ ഫോട്ടോഗ്രാഫുകൾ എടുക്കുകയോ വീഡിയോകൾ നിർമ്മിക്കുകയോ ചെയ്യരുതെന്ന് ഈസ്റ്റേൺ റെയിൽവേ എല്ലാ വ്ളോഗർമാരോടും യൂട്യൂബർമാരോടും അഭ്യർത്ഥിച്ചു. ദേശീയ സുരക്ഷയുടെ താൽപ്പര്യാർഥമാണ് ഈ അറിയിപ്പ്. പാകിസ്ഥാനു വേണ്ടി ചാരവൃത്തി ആരോപിച്ച് ഹരിയാനയിലെ ജ്യോതി മൽഹോത്ര എന്ന യൂട്യൂബർ അറസ്റ്റിലായതിന് ദിവസങ്ങൾക്കകമാണ് ഈസ്റ്റേൺ റെയിൽവേയുടെ ഈ നടപടി എന്നത് ശ്രദ്ധേയമാണ്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിരീക്ഷണം വർധിപ്പിക്കണമെന്നും പ്രധാനപ്പെട്ട സ്റ്റേഷനുകളുടെ വിശദമായ ഫോട്ടോകൾ ആർക്കും എടുക്കാൻ കഴിയുന്നില്ലെന്ന് ഉറപ്പാക്കുമെന്നും ഈസ്റ്റേൺ റെയിൽവേ അറിയിച്ചു. സ്റ്റേഷൻ പരിസരത്തിന്‍റെയും പ്ലാറ്റ്‌ഫോമുകളുടെയും ഫോട്ടോ എടുക്കുന്നതിനും വീഡിയോ എടുക്കുന്നതിനും നിയന്ത്രണങ്ങൾ നിലവിലുണ്ടെന്ന് ഈസ്റ്റേൺ റെയിൽവേ വക്താവ് പറഞ്ഞു. ഇപ്പോൾ രാജ്യത്തുടനീളം ഉയർന്നുവരുന്ന സാഹചര്യവും സുരക്ഷാ മുന്നറിയിപ്പുകളും കണക്കിലെടുത്ത് നിരീക്ഷണം വർധിപ്പിക്കാൻ തീരുമാനിച്ചതായും അധികൃതർ പറയുന്നു.




