സിമി ലീവെടുത്ത് തായ്‌ലൻഡിലേക്ക് പോയത് മെയ് 5ന്, മടക്കം 40 കോടിയുടെ മുതലുമായി, 3 പേർക്ക് 80,000₹ വീതം പ്രതിഫലം

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ 40 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്, കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്ന് യുവതികൾക്ക് പ്രതിഫലമായി ലഭിച്ചത് 80,000 രൂപ വീതമെന്ന് അന്വേഷണ സംഘം. ലഹരിക്കടത്തിനായി യുവതികളെ ഏകോപിപ്പിച്ചത് പിടിയിലായ ചെന്നൈയിൽ നിന്നുള്ള റാബിയത്ത് സൈദുവാണെന്നും അന്വേഷണ സംഘം കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് മലയാളി അടക്കം മൂന്ന് സ്ത്രീകളെ കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് കോടികളുടെ കഞ്ചാവുമായി എയർ കസ്റ്റംസ് പിടികൂടുന്നത്.
ചെന്നൈ സ്വദേശി റാബിയത് സൈദു , കോയമ്പത്തൂർ സ്വദേശി കവിത രാജേഷ്‌കുമാർ, തൃശൂർ സ്വദേശി സിമി ബാലകൃഷ്ണൻ എന്നിവരാണ് പിടിയിലായത്. തൃശ്ശൂരിൽ നിന്നുള്ള സിമി ബാലകൃഷ്ണൻ ഈ മാസം അഞ്ചിനാണ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ലീവെടുത്ത് തായ്‌ലൻഡിലേക്ക് പോയത്. ഇവരെയടക്കം ഏകോപിപ്പിച്ച് കഞ്ചാവ് കടത്തിന് കൊണ്ടുപോയത് റാബിയത്ത് ആണെന്നാണ് വിവരം. യുവതികൾ ലഹരിയുമായി കരിപ്പൂർ വിമാനത്താവള ടെർമിനലിന് പുറത്തിറങ്ങിയാൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ മയക്കുമരുന്ന് സംഘം ഇവർക്ക് കൈമാറിയിരുന്നു. ലഹരിക്കടത്ത് സംഘത്തിൽ യുവതികൾക്ക് ബന്ധമുള്ള ചില ഫോൺ നമ്പറുകളും ചോദ്യം ചെയ്യലിൽ കസ്റ്റംസ് ഇന്റലിജൻസിന് ലഭിച്ചു




