Uncategorized

എച്ച്ഐവി ബാധിതനായ 25കാരൻ മരിച്ച നിലയിൽ, സ്വകാര്യഭാഗം മുറിച്ചുമാറ്റി, ദേഹമാസകലം മുറിവുകൾ; ദില്ലിയിൽ കൊടുംക്രൂരത

ദില്ലി: എച്ച്ഐവി ബാധിതനായ യുവാവിൻ്റെ മൃതദേഹം വികൃതമാക്കിയ നിലയിൽ കണ്ടെത്തി. ദില്ലിയിലെ പാലം വിഹാർ റെയിൽവേ സ്‌റ്റേഷന് സമീപമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ കത്തി കൊണ്ട് നിരവധി മുറിവുകൾ ഏറ്റിട്ടുണ്ടെന്നും 25കാരൻ്റെ സ്വകാര്യഭാഗങ്ങൾ മുറിച്ചുമാറ്റിയ നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഒരു വഴിയാത്രക്കാരനാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കാണുകയും അധികൃതരെ അറിയിക്കുകയും ചെയ്തത്. യുവാവിന്റെ ഫോണും സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. നവംബർ 25ന് ദ്വാരക സെക്ടർ 23 പൊലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത മിസ്സിംഗ് റിപ്പോർട്ട് പ്രകാരം ഇയാൾ ഒരു ഇ-കൊമേഴ്‌സ് കമ്പനിയിൽ എക്‌സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഭാരമുള്ള കല്ലോ ഇഷ്ടികയോ ഉപയോഗിച്ച് യുവാവിന്റെ തലയിൽ അടിച്ചതായി ദില്ലി പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തെ സിസിടിവി പരിശോധിച്ചതിൽ നിന്ന് യുവാവ് പാലം വിഹാർ റെയിൽവേ യാർഡിലേക്ക് പോകുന്നതിന്റെയും രണ്ട് പേർ പിന്തുടരുന്നതിന്റെയും ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. രണ്ട് പേരെയും പൊലീസ് ചോദ്യം ചെയ്‌തെങ്കിലും കൊലപാതകവുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം കണ്ടെത്താൻ സാധിച്ചില്ല.

അതേസമയം, യുവാവ് വിവാഹിതനാണെന്നും എച്ച്ഐവി പോസിറ്റീവ് ആണെന്നും കണ്ടെത്തിയിരുന്നു. യുവാവിന് ഒരു പുരുഷനുമായി ബന്ധമുണ്ടെന്ന് ഇയാളുടെ ഫോണിലെ ചാറ്റുകളിൽ നിന്ന് വ്യക്തമായി. യുവാവ് സ്വവർഗാനുരാ​ഗിയാണെന്നതോ അല്ലെങ്കിൽ രോഗമോ ആകാം കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് സംശയിക്കുന്നത്. അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button