ഇരിട്ടി കേളംപീടികയിലെ യുവതിയുടെ ആത്മഹത്യ; ഗാർഹിക പീഡനമെന്ന് ആരോപണം

ഇരിട്ടി: ഇരിട്ടി കേളൻപീടികയിലെ സ്നേഹാലയത്തിൽ ജിനീഷിന്റെ ഭാര്യ സ്നേഹ (25 ) വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ചത് ഗാർഹിക പീഡനത്താലെന്ന് ആരോപണം. ഇന്നലെ വൈകുന്നേരമാണ് സ്നേഹയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ മരണത്തിന് കാരണം ഭർത്താവും ഭർത്താവിന്റെ ബന്ധുക്കളുമാണെന്ന് പറഞ്ഞു കൊണ്ട് സ്നേഹ എഴുതിയ ആത്മഹത്യ കുറിപ്പ് പോലീസിന് ലഭിച്ചു.
നാലു വര്ഷം മുൻപ് വിവാഹിതരായ സ്നേഹയും ജിനീഷും തമ്മിൽ മുൻപും നിരവധി തവണ കുടുംബ പ്രശ്നങ്ങൾ ഉണ്ടായതായാണ് വിവരം. ഇതു സംബന്ധിച്ച് നിരവധി തവണ ഉളിക്കൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട് . കഴിഞ്ഞ ദിവസം ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വഴക്കാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും, ഭർത്താവും ബന്ധുക്കളും ചേർന്ന് സ്നേഹയെ ദേഹോപദ്രപം ഏല്പിച്ചിരുന്നതായും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ്നേഹയുടെ ബന്ധുക്കളുടെ വോയിസ് ക്ലിപ്പിൽ പറയുന്നു. ഭർത്താവ് ജിനീഷിനെ കൂടുതൽ ചോദ്യം ചെയ്യലിനായി ഇരിട്ടി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് തഹസീൽദാരുടെയും ഇരിട്ടി പോലീസിന്റെയും സാന്നിധ്യത്തിൽ ഇൻക്വസ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കും.




