മമ്മൂട്ടിക്കൊരു ആരാധകന്റെ വാട്സ്ആപ്പ്സന്ദേശം; ഒരു കുടുംബത്തിന്റെ ഹൃദയവേദനയകന്നു; ഇനി നിദയുടെ ജീവിതം ഇടറാതെ മിടിക്കും

ഫെബ്രുവരി 27ന് മമ്മൂട്ടിയ്ക്ക് പതിവുപോലെ ജസീര്‍ബാബു ഒരു വാട്സാപ്പ് സന്ദേശമയച്ചു. പക്ഷേ സിനിമയായിരുന്നില്ല അതിലെ വിഷയം. പതിവ്നിശബ്ദത മാത്രമേ ജസീര്‍ പ്രതീക്ഷിച്ചുള്ളൂ. പക്ഷേ ഒരുമണിക്കൂറിനുള്ളില്‍ ഒരു ഫോണ്‍വിളിയെത്തി. അതിന്റെ ക്ലൈമാക്സില്‍ സ്നേഹപൂര്‍വം മമ്മൂട്ടിയെന്നെഴുതിയ കടലാസും പൂക്കളും മുറുകെപ്പിടിച്ച് ഒരു മൂന്നരവയസ്സുകാരി വിടര്‍ന്നുചിരിക്കുന്നു. അവള്‍ക്ക് ഇനി പുതുഹൃദയം. അത് ഇടറാതെ മിടിക്കും.
പെരിന്തല്‍മണ്ണ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍അംഗം ജസീര്‍ ബാബു മമ്മൂട്ടിക്കയച്ച വാട്സ് ആപ്പ് സന്ദേശത്തിലൂടെ ജീവിതം തിരികെക്കിട്ടിയത് മലപ്പുറം തിരൂര്‍ക്കാട് സ്വദേശിനി നിദ ഫാത്തിമയ്ക്കാണ്. ജന്മനാ ഹൃദോഗബാധിതയായ ഈ കുഞ്ഞിന്റെ ശസ്ത്രക്രിയ മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം ആലുവ രാജഗിരി ആശുപത്രിയില്‍ പൂര്‍ണമായും സൗജന്യമായാണ് നടത്തിയത്. റിലീസ് ദിവസം തന്നെ മമ്മൂട്ടിയുടെ സിനിമകള്‍ കണ്ട് അദ്ദേഹത്തെ അഭിപ്രായം അറിയിക്കുന്നയാളാണ് ജസീര്‍. മറുപടി പ്രതീക്ഷിച്ചല്ലെങ്കിലും പത്തുവര്‍ഷമായി ഇത് തുടരുന്നു. പക്ഷേ ഫെബ്രുവരി 27ന് അയച്ച സന്ദേശത്തില്‍ നിറഞ്ഞത് ഒരു കുടുംബത്തിന്റെ ഹൃദയവേദനയാണ്. ജസീറിന്റെ സന്ദേശം കിട്ടി ഒരുമണിക്കൂറിനുള്ളില്‍ തന്നെ മമ്മൂട്ടിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കാരുണ്യപ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണലിന്റെ ഭാരവാഹികള്‍ ജസീറിനെ നേരിട്ട് വിളിച്ചു. തുടര്‍ന്നാണ് ആലുവ രാജഗിരി ആശുപത്രിയില്‍ സൗജന്യശസ്ത്രക്രിയ്ക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയത്. ഏപ്രില്‍ 7 ന് പീഡിയാട്രിക് കാര്‍ഡിയാക് സര്ജന് ഡോ. മുസ്തഫ ജനീലിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. മൂന്നാഴ്ച നീണ്ട ആശുപത്രി വാസത്തിനൊടുവില്‍ മമ്മൂട്ടി കൊടുത്തയച്ച സമ്മാനവുമായി കഴിഞ്ഞദിവസം നിദയും, കുടുംബവും നാട്ടിലേക്ക് മടങ്ങി.
ജനിച്ച് മൂന്നര വയസ്സ് ആകുന്നതിനിടയില്‍ രണ്ടു ഹൃദയ ശസ്ത്രക്രിയകളിലൂടെ നിദ ഫാത്തിമ കടന്ന് പോയി. സാധാരണ ഹൃദയത്തിന് താഴെ രണ്ട് അറകള്‍ ഉണ്ടാകും. നിഥയ്ക്ക് ജന്മനാ ഹൃദയത്തില്‍ ഒരു അറ മാത്രമേ ( ഇടത് വെന്‍ട്രിക്കിള്‍) ഉണ്ടായിരുന്നുളളു. ജനിച്ച് മൂന്ന് മാസത്തില്‍ തന്നെ ആദ്യ സര്‍ജറി നടത്തി. തുടര്‍ന്ന് നാലാം വയസ്സിന് മുമ്പ് രണ്ടാമത്തെ സര്‍ജറി വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഡ്രൈവര്‍ ജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്ന പിതാവ് അലിക്ക് മകളുടെ ശസ്ത്രക്രിയക്ക് വേണ്ടിയുളള തുക കണ്ടെത്തുക അസാധ്യമായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ അലിക്ക് ഇത് ഇരട്ടിആഘാതവുമായി. സുഹൃത്തും, ടൈലറുമായ കുഞ്ഞാപ്പു വഴി നിദ ഫാത്തിമയുടെ രോഗവിവരം ജസീര്‍ അറിഞ്ഞതോടെ ആ കുടുംബത്തിന് മുന്നില്‍ മമ്മൂട്ടി കാരുണ്യദൂതനായെത്തി.




