സിഇടി പരീക്ഷക്കെത്തിയവരുടെ പൂണൂല് അഴിപ്പിച്ചു, ഹിജാബിന് ശേഷം കര്‍ണാടകയില്‍ വീണ്ടും വിവാദം

ബെംഗളൂരു: പൊതുപ്രവേശന പരീക്ഷക്കെത്തിയ വിദ്യാര്‍ഥികളുടെ പൂണൂല് ഊരിമാറ്റാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ വിവാദം. ശിവമോഗ ജില്ലയിലെ ശരാവതിനഗരയിലുള്ള ആദിചുഞ്ചനഗിരി സ്കൂളില്‍ പരീക്ഷക്കെത്തിയ സിഇടി പരീക്ഷാ നടത്തിപ്പ് ഉദ്യോഗസ്ഥനെതിരെയാണ് ആരോപണമുയര്‍ന്നത്. പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. കർണാടക കോമൺ എൻട്രൻസ് ടെസ്റ്റ് (സിഇടി) എഴുതുന്ന വിദ്യാർത്ഥികളുടെ പൂണൂൽ ഊരിമാറ്റാൻ ആവശ്യപ്പെട്ടുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.
നടരാജ് ഭഗവത് എന്നയാള്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, 2023 ലെ ബിഎൻഎസ് സെക്ഷൻ 115(2), 299, 351(1), 352, സെക്ഷൻ 3(5) പ്രകാരമാണ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മതചിഹ്നങ്ങൾ നീക്കം ചെയ്യാൻ വിദ്യാർത്ഥികളോട് നിർദ്ദേശിച്ചതായി പറയപ്പെടുന്ന സാഹചര്യത്തെക്കുറിച്ച് അറിയാൻ അധികൃതർ വിഷയത്തിൽ അന്വേഷണം ആരംഭിച്ചു.




