Uncategorized

ഭാര്യയേയും മക്കളേയും പുറത്താക്കി വീടുപൂട്ടി; കോടതി പറഞ്ഞു, പൂട്ടുപൊളിച്ച് അകത്ത് കയറിയത് പൊലീസ് സഹായത്തിൽ

തിരുവനന്തപുരം: വെണ്ണിയൂർ വവ്വാമൂലയിൽ ഭാര്യയെയും വൃക്ക രോഗിയായ കുട്ടി ഉൾപ്പെട്ട ഇരട്ട കുട്ടികളെയും പുറത്താക്കി സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് വീട് പൂട്ടിയ സംഭവത്തിൽ പൂട്ട് പൊളിച്ച് അകത്തു കയറി കുടുംബം. കോടതി ഉത്തരവിനെ തുടർന്നാണ് പൊലീസ് സഹായത്തോടെ യുവതിയും മക്കളും ഇന്നലെ വീട്ടിൽ പ്രവേശിച്ചത്.

വൈകിട്ട് ഏഴ് മണിയോടെയാണ് നീതുവും മക്കളും വെണ്ണിയൂരിലെ വീട്ടിലെത്തി പൊലീസ് സഹായത്തോടെ ഗേറ്റിലെ പൂട്ട് തകർത്ത് അകത്തു കയറിയത്. ഗേറ്റിലെ പൂട്ട് തകർത്തെങ്കിലും വീടും പൂട്ടിയിരുന്നതിനാൽ വീടിന്‍റെ പിൻവാതിൽ ലോക്കും ഇളക്കിയാണ് നീതുവിനെയും മക്കളെയും പൊലീസ് അകത്തേക്ക് പ്രവേശിപ്പിച്ചത്. ഭാര്യ നീതുവിന്‍റെ പരാതിയെ തുടർന്ന് കോടതി ഉത്തരവ് ലംഘിച്ചതിനും ബാലനീതിവകുപ്പ് പ്രകാരവും മലപ്പുറം പൊന്നാനി നഗരസഭയിൽ കണ്ടിജന്‍റ് ജീവനക്കാരനായ അജിത് റോബിൻസണിനെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തിരുന്നു.

സംഭവം പുറത്തുവന്നതിനു പിന്നാലെ ജില്ലാ കലക്ടർ അനുകുമാരിയും സബ്കലക്റ്റർ ആൽഫ്രഡും വിഷയത്തിൽ ഇടപെട്ട് അമ്മയ്ക്കും കുട്ടികൾക്കും സുരക്ഷയും ഭക്ഷണവും മരുന്നും ഉൾപ്പെടെ ലഭ്യമാക്കാൻ വിഴിഞ്ഞം പൊലീസിനെ ചുമതലപ്പെടുത്തി. വെള്ളിയാഴ്ചയായിരുന്നു ക്രൂരമായ സംഭവം. ഉച്ചമുതൽ ഭക്ഷണമോ മരുന്നോ കഴിക്കാതെ ബുദ്ധിമുട്ടിലായതോടെ നീതുവും കുട്ടികളും രാത്രിയിൽ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button