Uncategorized

പാക് അതിർത്തിയിൽ ഇന്ത്യയുടെ നിർണ്ണായക നീക്കം! റഷ്യയിൽ നിന്നുള്ള അഞ്ചാമത്തെ എസ്-400 വ്യോമപ്രതിരോധ സംവിധാനം വിന്യസിക്കും

ദില്ലി : റഷ്യയിൽ നിന്ന് വാങ്ങുന്ന അഞ്ചാമത്തെ എസ്-400 വ്യോമപ്രതിരോധ സംവിധാനം പാകിസ്ഥാൻ അതിർത്തിയിൽ വിന്യസിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. 2027 ഫെബ്രുവരിയോടെ വിന്യാസം പൂര്‍ത്തിയാക്കും. അഞ്ച് എസ്-400 സംവിധാനങ്ങൾ വാങ്ങുന്നതിനായി 2018-ൽ ഇന്ത്യയും റഷ്യയും തമ്മിൽ ഒപ്പുവെച്ച 5.43 ബില്യൺ ഡോളറിന്റെ കരാർ ഇതോടെ പൂർത്തിയാകും. 2027 ജനുവരി-ഫെബ്രുവരി മാസങ്ങളിലായി ഈ സംവിധാനം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് മുന്നോടിയായുള്ള പരിശോധനകൾക്കായി ഇന്ത്യൻ ഉദ്യോഗസ്ഥരുടെ ഒരു സംഘം ഡിസംബറിൽ റഷ്യ സന്ദർശിക്കും.

400 കിലോമീറ്റർ വരെ ദൂരപരിധിയുള്ള എസ്-400 ഒരു ദീർഘദൂര വ്യോമപ്രതിരോധ സംവിധാനമാണ്. ശത്രുരാജ്യങ്ങളുടെ യുദ്ധവിമാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ കണ്ടെത്താനും തകർക്കാനും ഇതിന് ശേഷിയുണ്ട്. നിലവിൽ നാല് എസ്-400 സംവിധാനങ്ങളാണ് ഇന്ത്യയുടെ കൈവശമുള്ളത്. ഇതിൽ മൂന്നെണ്ണം പാകിസ്ഥാനോട് ചേർന്നുള്ള പടിഞ്ഞാറൻ അതിർത്തിയിലും ഒരെണ്ണം കിഴക്കൻ മേഖലയിലുമാണ് വിന്യസിച്ചിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ 2025 മെയ് മാസത്തിൽ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറിൽ’ എസ്-400 സംവിധാനം നിർണ്ണായക പങ്ക് വഹിച്ചിരുന്നു. പുതിയ സംവിധാനം കൂടി എത്തുന്നതോടെ രാജ്യത്തിന്റെ അതിർത്തി സുരക്ഷയും വ്യോമപ്രതിരോധ ശേഷിയും കൂടുതൽ ശക്തമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button