ഭക്ഷണത്തിൽ വിഷം കലർത്തി കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമം; യുവതി അറസ്റ്റിൽ

ലക്നോ: സ്വത്തുക്കൾ കൈക്കലാക്കുന്നതിനായി ഭർത്താവിനെയും മകനെയും അനന്തരവനെയും ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതി പിടിയിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദ് ഇന്ദിരാപുരം വസുന്ധര സ്വദേശി രേണു ഭട്നാഗറിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഭർത്താവ് സുശീൽ കുമാർ ഭട്നാഗറിന്റെ പരാതിയിലാണ് നടപടി.
കഴിഞ്ഞ കുറച്ചുകാലമായി സുശീൽ കുമാറിന് തുടർച്ചയായി ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു. പിന്നാലെ മകനും അനന്തരവനും സമാനമായ രീതിയിൽ അവശതയിലായി. സംശയം തോന്നിയ സുശീൽ നടത്തിയ വിശദമായ വൈദ്യപരിശോധനയിലാണ് ശരീരത്തിൽ അപകടകരമായ അളവിൽ ഈയത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയതാകാമെന്ന നിഗമനത്തിൽ ഇദ്ദേഹം പൊലിസിനെ സമീപിക്കുകയായിരുന്നു.
രണ്ടുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് രേണുവിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലിസ് അറിയിച്ചു. ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള ട്രാവൽ ഏജൻസിക്ക് ഏകദേശം ആറു കോടി രൂപ മൂല്യമുണ്ടെന്നും രേണുവിനെ നോമിനിയാക്കി എടുത്ത രണ്ടു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസിയുണ്ടെന്നും പ്രതി മൊഴി നൽകി. ഭർത്താവ് മരിച്ചാൽ ഈ സ്വത്തുക്കളും തുകയും സ്വന്തമാക്കാമെന്ന അത്യാഗ്രഹമാണ് കൃത്യത്തിന് പിന്നിലെന്ന് രേണു വ്യക്തമാക്കി.
ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.




