മിഷന് ചക്കക്കൊമ്പന്: ആനയെ വളഞ്ഞ് ദൗത്യസംഘം, മയക്കുവെടിക്ക് ശ്രമം

തൊടുപുഴ: ചിന്നക്കനാല്‍ മേഖലയില്‍ ജനജീവിതത്തിന് ഭീഷണിയുയര്‍ത്തുന്ന കാട്ടാന ചക്കക്കൊമ്പനെ തളയ്ക്കാനുള്ള വനംവകുപ്പിന്റെ നിര്‍ണായക ദൗത്യത്തിന് തുടക്കമായി. ആനയെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിക്കുന്നതിനായി വയനാട്ടില്‍ നിന്നും രണ്ട് കുങ്കിയാനകളും 100-ഓളം വരുന്ന ദ്രുതപ്രതികരണ സേനയും സജ്ജമായി.
ആനയെ മയക്കുവെടി വയ്ക്കുന്നതിന് 18 പോയിന്റുകളാണ് വനംവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇവിടെ ആനയെ എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. നിലവില്‍ 80 ഏക്കറിലെ ഊട്തേരിയിലാണ് ആനയുള്ളത്. ആനയുടെ നീക്കം സദാസമയവും ദൗത്യസംഘം നിരീക്ഷിച്ച് വരികയാണ്. ഇന്നു രാത്രി ആന എവിടേക്ക് നീങ്ങുന്നുവെന്ന് നിരീക്ഷിച്ച
ശേഷമാകും തുടര്‍നടപടികള്‍.
ദൗത്യത്തിനായി വന്‍സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. പൊതുവെ ആക്രമണസ്വഭാവമുള്ള ആനയായതിനാല്‍ ഏറെ കരുതലോടെയാണ് മിഷന് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഓരോ ഡിപ്പാര്‍ട്ട്മെന്റും ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അഥോറിട്ടി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് കൃത്യമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.




