Uncategorized

ജുവനൈൽ ജസ്റ്റിസ് ആക്റ്റ്: ഭേദ​ഗതി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സർക്കാർ; ഇരകളുടെ ദുരിതം പരി​ഗണിക്കണമെന്നാവശ്യം

തിരുവനന്തപുരം: ജുവനൈൽ ജസ്റ്റിസ് ആക്ടിൽ ഭേദഗതി വരുത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. പ്രായപൂർത്തിയാകാത്തവർ പ്രതികളാകുന്ന കേസുകളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് കത്ത്. ഇരകളുടെ ദുരിതം കൂടി പരിഗണിക്കണമെന്നും കത്തിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജുവൈനൽ ജസ്റ്റിസ് ആക്ട് 18 വയസ്സിന് താഴെയുള്ള കുറ്റവാളികള്‍ക്ക് പലവിധ സംരക്ഷണങ്ങള്‍ ഉറപ്പുവരുത്തുന്നു. ശ്രീകാര്യത്ത് 16 വയസുകാരന്റെ കൊലപാതകത്തിൽ 16 കാരൻ പ്രതിയായി.

എറണാകുളത്തെ വാഹന അപകടങ്ങളിലും പ്രായപൂർത്തിയാകാത്ത പ്രതികള്‍ക്ക് ജെജെ ആക്റ്റിന്റെ സംരക്ഷണം ലഭിച്ചുവെന്ന് ആക്ഷേപം പൊതുസമൂഹത്തിലുണ്ടായി. പ്രതികളുടെ പ്രായപരിധിയിൽ നിയമനിർമ്മാണ സഭകള്‍ പുനഃപരിശോധന നടത്തേണ്ടതല്ലേയെന്ന ചോദ്യം ഹൈക്കോടതിയും ഉന്നയിച്ചു. ഇതേ തുടർന്നാണ് സംസ്ഥാന ആഭ്യന്തരവകുപ്പും കേന്ദ്രത്തെ സമീപിച്ചത്. ഏതാനും വർഷങ്ങളായി 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങള്‍ ഗണ്യമായി കൂടിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് നൽകിയ കത്തിൽ ചെന്നിത്തല പറയുന്നു.

കുറ്റകൃത്യത്തിൽ ഇരയാക്കപ്പെടുന്നവരോട് നിലവിലെ നിയമം വേണ്ടത്ര നീതി പുലർത്തുന്നില്ല. ജുവനൈൽ വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതൊടൊപ്പം ഇരകളുടെ വികാരങ്ങളും മാനിക്കപ്പെടണം. ഡിജിറ്റൽ മാധ്യമങ്ങളുടെ മാധ്യമങ്ങളുടെ സ്വാധീനവും ലഹരിവസ്തുക്കളുടെ ഉപയോഗവും കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിൽ മാറ്റമുണ്ടാക്കുന്നുണ്ട്. ഇത്തരം മാറ്റങ്ങൾ പരിഗണിക്കുമ്പോള്‍ നിയമവും പുനഃപരിശോധിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. കേന്ദ്ര വനിത ശിശു വികസന വകുപ്പ് മന്ത്രി അന്നപൂർണ ദേവിക്കും സംസ്ഥാന ആഭ്യന്തരമന്ത്രി കത്ത് നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button