പാട്ട് വിലക്കിയാൽ പാട്ടുകൊണ്ട് പ്രതിരോധിക്കും; മാനവീയംവീഥിയിൽ കലയ്ക്ക് വിലക്കേർപ്പെടുത്താനുള്ള മേയറുടെ നീക്കത്തിനെതിരെ കലാകാരന്മാർ

പാട്ടിനും കലയ്ക്കും വിലക്കേർപ്പെടുത്താനുള്ള ബിജെപി മേയറുടെ നീക്കത്തിനെതിരെ മാനവീയംവീഥിയിൽ പ്രതിരോധം തീർത്ത് കാലകാരന്മാർ. സന്ധ്യ മുതൽ രാത്രി 10 വരെ ആടിയും പാടിയും കലാകാരന്മാർ തെരുവ് കീഴടക്കി.’നമ്മുടെ മാനവീയം, നമ്മുടെ ശബ്ദം’ എന്ന പേരിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.
ഭരണഘടന അനുവദിക്കുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധമായിരുന്നു ഇത്.
മാനവീയം വീഥിയിൽ ഗായിക പുഷ്പവതിയുടെ പാട്ട് വിലക്കിയ കോർപറേഷൻ ഭരണസമിതിയുടെ നടപടിക്കെതിരെയാണ് കലാകാരന്മാർ ഒത്തുചേർന്നത്.സന്ധ്യമുതൽ രാത്രി 10 വരെ ആടിയും പാടിയും കലാകാരന്മാർ തെരുവ് കീഴടക്കി. ഗായകൻ പന്തളം ബാലൻ, നടൻ അലൻസിയർ, ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങിയവർ ഐക്യദാർഢ്യം അർപ്പിക്കാനെത്തി. കടകംപള്ളി സുരേന്ദ്രൻ, വി കെ പ്രശാന്ത്, എസ് പി ദീപക്, ആർ പി ശിവജി, രാഖി രവികുമാർ, നാടകപ്രവർത്തകൻ ഡി രഘൂത്തമൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ശൈലജ പി അംബുവിന്റെ നേതൃത്വത്തിലുള്ള സ്ത്രീ കൂട്ടായ്മയുടെ പാട്ട്, തെരുക്കൂട്ടത്തിന്റെ നാടൻ പാട്ട് തുടങ്ങിയ പരിപാടികളും അരങ്ങേറി.




