Uncategorized

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈല്‍ ഇന്ന് പുറത്തിറങ്ങും

കൊച്ചി: മൂന്നുപേരുടെ ജീവനെടുത്ത കൊച്ചി നെടുമ്പാശ്ശേരി മിനികൂപ്പര്‍ അപകടക്കേസില്‍ ഒന്നാം പ്രതി സുഹൈല്‍ ഇന്ന് പുറത്തിറങ്ങും. കേസില്‍ ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയിരുന്നു. കേസില്‍ മറ്റ് പ്രതികളായ അമീന്‍, ജോയല്‍, നിനവ് എന്നിവര്‍ നേരത്തേ പുറത്തിറങ്ങിയിരുന്നു. റിമാന്‍ഡ് തടവുകാരനായി ഒരു മാസത്തോളം ബോസ്റ്റല്‍ സ്‌കൂളില്‍ കഴിഞ്ഞ ശേഷമാണ് സുഹൈല്‍ ഇന്ന് പുറത്തിറങ്ങുന്നത്. ഇക്കഴിഞ്ഞ ആറിന് കേസിലെ മുഴുവന്‍ പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്ന് തന്നെ മറ്റ് പ്രതികള്‍ പുറത്തിറങ്ങിയെങ്കിലും സുഹൈലില്‍ നിന്ന് ചില വിവരങ്ങള്‍ കൂടി ശേഖരിക്കാനുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിക്കുകയായിരുന്നു. ഈ വാദം കോടതി അംഗീകരിക്കുകയും 10 ദിവസം കൂടി സുഹൈലിന്റെ മോചനം നീട്ടാന്‍ കോടതി നിര്‍ദേശിക്കുകയുമായിരുന്നു.വാഹനം ഓടിച്ച സുഹൈല്‍ സജീവിനെതിരെ നരഹത്യക്കുറ്റവും, കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്കെതിരെ പ്രേരണാക്കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. പ്രതികള്‍ മദ്യപിച്ചിരുന്നതായും അമിത വേഗതയിലായിരുന്നു കാറെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 160 കിലോമീറ്ററിലധികം വേഗതയിലാണ് സുഹൈല്‍ വാഹനമോടിച്ചിരുന്നതെന്നും ശരീരത്തില്‍ താങ്ങാവുന്നതിന്റെ അഞ്ചിരട്ടി മദ്യമുണ്ടായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.

ഒക്ടോബര്‍ 10ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു മദ്യലഹരിയില്‍ സുഹൈല്‍ സജീവ് ഓടിച്ച മിനി കൂപ്പര്‍ കാര്‍ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവര്‍ അപകടത്തില്‍ തല്‍ക്ഷണം മരിച്ചിരുന്നു. തൃക്കാക്കര കരകൗശല വില്‍പ്പനശാലയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവരായിരുന്നു മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളും. സ്ഥാപനത്തിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം രാത്രിയില്‍ ചായ കുടിച്ച് മടങ്ങിവരവെയാണ് അപകടമുണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button