നേപ്പാളിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 മരണം, അഞ്ച് പേർക്ക് പരിക്ക്

കാഠ്മണ്ഡു: നേപ്പാളിലെ മക്വാൻപൂർ ജില്ലയിൽ വാഹനാപകടത്തിൽ 10 പേർ മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.കാഠ്മണ്ഡുവിൽ നിന്നും തെക്കൻ സർലാഹി ജില്ലയിലെ മലാംഗ്വയിലേക്ക് സഞ്ചരിക്കുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ചിസാപാനി ഗാഡിക്ക് സമീപം നിയന്ത്രണം വിട്ട വാഹനം കുത്തനെയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. ഏകദേശം 700 മീറ്ററോളം താഴ്ചയുള്ള കയറ്റത്തിൽ നിന്നാണ് വാഹനം താഴേക്ക് പതിച്ചതെന്ന് പൊലിസ് അറിയിച്ചു. ഡ്രൈവർ ഉൾപ്പെടെ 15 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
വിവരമറിഞ്ഞ ഉടൻ തന്നെ പൊലിസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലിസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.




