Uncategorized

‘ആ പോസ്റ്റ് EMSനെയും കുടുംബത്തെയും തേജോവധം ചെയ്യുന്നത്; പാർട്ടിയോടുള്ള സ്‌നേഹം കൊണ്ടല്ല ഋഷി അത് എഴുതിയത്’

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകള്‍ ഇ എം രാധയെ സിപിഐഎം അവഗണിക്കുന്നുവെന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ ഋഷി കമാല്‍ മനോജിന്റെ ആരോപണത്തില്‍ പ്രതികരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുടെ ജീവിത പങ്കാളി ബെറ്റി ലൂയിസ്. ഋഷി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇഎംഎസിനെയും അദ്ദേഹം പടുത്തുയത്തിയ പാര്‍ട്ടിയേയും അദ്ദേഹത്തിന്റെ കുടുംബത്തെയും തേജോവധം ചെയ്യുന്ന ഒന്നാണെന്ന് ബെറ്റി ലൂയിസ് പറഞ്ഞു. പാര്‍ട്ടിയോടുള്ള സ്‌നേഹം കൊണ്ടല്ല അദ്ദേഹം അത് എഴുതിയിട്ടുള്ളതെന്ന് വ്യക്തമാണ്. ഏതെല്ലാം വിധത്തില്‍ സിപിഐഎമ്മിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ക്യാമ്പയിനുകള്‍ നടക്കുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ആ പോസ്‌റ്റെന്നും ബെറ്റി ലൂയിസ് ഫേസ്ബുക്കില്‍ കുറിച്ചു.അസുഖബാധിതയായിരിക്കെ ഇ എം രാധയെ വീട്ടില്‍ സന്ദര്‍ശിച്ച ചിത്രങ്ങളും ബെറ്റി ലൂയിസ് പങ്കുവെച്ചു. ‘ചേച്ചിയുടെ ചിത്രങ്ങള്‍ ആരുമായും പങ്കുവെച്ചിരുന്നില്ലെന്നും നിര്‍ഭാഗ്യവശാല്‍ ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യേണ്ടത് ഈ ഒരു അവസരത്തില്‍ അനിവാര്യമായിരിക്കുന്നു എന്ന് തോന്നിയത് കൊണ്ടാണ് ഈ പോസ്റ്റും ചിത്രങ്ങളും’ എന്നും കുറിപ്പില്‍ ബെറ്റ് ലൂയിസ് കുറിച്ചിട്ടുണ്ട്. ഇഎംഎസിന്റെ കുടുംബത്തെ പാര്‍ട്ടിയും തിരിച്ച് ആ കുടുംബം പാര്‍ട്ടിയോടും നിരന്തരം ബന്ധപ്പെട്ട് പോകുന്ന ബന്ധമാണുള്ളത്. അതില്‍ രാധേടത്തിയോട് ഒരു പ്രത്യേക വാത്സല്യം പാര്‍ട്ടിക്ക് ഉണ്ട് എന്നത് പല കാര്യങ്ങള്‍ കൊണ്ടും തനിക്ക് തോന്നിയിട്ടുള്ളതാണെന്ന് ബെറ്റി ലൂയിസ് പറഞ്ഞു.

‘പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാഷും, പ്രതിപക്ഷ നേതാവ് വിജയേട്ടനും കുടുംബവും, സഖാവ് എസ്ആര്‍പിയും, ബാലഗോപാല്‍ സഖാവും, എകെജി സെന്ററിലെ സഖാക്കളും, പാര്‍ട്ടി സെക്രട്ടേറിയറ്റിലെ സഖാക്കള്‍ സ്വരാജും പി കെ ബിജുവും മറ്റ് സഖാക്കളും ബ്രിട്ടോയുടെ ഭാര്യ സീനയും നിരന്തരം രാധേടത്തിയുടെ വിവരങ്ങള്‍ അന്വേഷിച്ചറിയുകയോ കുടുംബത്തെ അവശ്യഘട്ടങ്ങളില്‍ സന്ദര്‍ശിക്കുകയോ ചെയ്യാറുണ്ട് എന്ന വിവരം അവരോട് അടുത്തിടപഴകുന്നവര്‍ക്ക് അറിയാം. ഋഷി രാഷ്ട്രീയപരമായി നിലവില്‍ എന്ത് നിലപാടാണ് എടുക്കുന്നത് എന്ന് എനിക്കറിയില്ല. വ്യാജ പ്രചാരണങ്ങളുടെ കാലത്ത് സമൂഹത്തിനോട് ഉത്തരവാദിത്വമുള്ളവരും മാധ്യമപ്രവര്‍ത്തകരും സത്യമെന്ത് എന്നറിഞ്ഞ ശേഷം മാത്രം വിവരം പങ്കുവെയ്ക്കണമെന്നും ബെറ്റി ലൂയിസ് പറഞ്ഞു.

മാധ്യമപ്രവര്‍ത്തകനായ ഋഷി കമല്‍ മനോജ് പങ്കുവെച്ച ഒരു പോസ്റ്റില്‍ നിന്നായിരുന്നു വിവാദങ്ങളുടെ തുടക്കം. ഇഎംഎസിന്റെ മകള്‍ രാധയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും പാര്‍ട്ടി തിരിഞ്ഞ് നോക്കുന്നില്ലെന്നുമായിരുന്നു ഋഷി കമാല്‍ മനോജ് ആരോപിച്ചത്. ഇഎംഎസിന്റെ മകള്‍ രാധ കടുത്ത രോഗബാധയില്‍ തിരുവനന്തപുരത്ത് ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുന്നതായി ഒരു കുടുംബ സുഹൃത്ത് വിളിച്ച് പറഞ്ഞു. പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് കാര്യമായ കരുതലൊന്നുമില്ലെന്ന പരിഭവവും കുടുംബത്തിനുണ്ടെന്നാണ് സുഹൃത്ത് വഴി അറിയാന്‍ കഴിഞ്ഞതെന്നും ഋഷി കമാല്‍ പറഞ്ഞിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വയോജന വകുപ്പിന്റെ കൂടി ചുമതലയുണ്ടായിരുന്ന വനിതാ മന്ത്രി ഇ എം രാധയുടെ ചികിത്സാ സഹായ അപേക്ഷ നിരസിച്ചിരുന്നതായും കേള്‍ക്കുന്നു. അത് സത്യമാണെങ്കില്‍ ക്ഷമിക്കാവുന്ന കാര്യമല്ലെന്നും ഋഷി പറഞ്ഞിരുന്നു.

ഇക്കാര്യം തള്ളി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായ വി ജോയ് രംഗത്തെത്തിയിരുന്നു. രാധയെ സിപിഐഎം അവഗണിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വി ജോയ് റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് രാധ ചേച്ചിയെ ആശുപത്രിയില്‍ പോയി കണ്ടിരുന്നുവെന്നും ആ സമയത്ത് അവര്‍ ഐസിയുവില്‍ ആയിരുന്നുവെന്നും ജോയ് പറഞ്ഞിരുന്നു. ആരെയും അകത്തേയ്ക്ക് പ്രവേശിപ്പിച്ചിരുന്നില്ല. സി ടി സ്‌കാന്‍ എടുക്കാന്‍ പുറത്തിറങ്ങിയ സമയത്ത് കണ്ടിരുന്നു. കാണുന്ന സമയത്ത് ആരോഗ്യം മെച്ചമായിരുന്നില്ല. രാധ ചേച്ചിയുടെ ചികിത്സാ ചെലവ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് നോക്കുന്നുണ്ടായിരുന്നുവെന്നും വി ജോയ് വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ ഋഷി കമാലിന്റെ ആരോപണം തള്ളി ഇ എം രാധയുടെ ഭര്‍ത്താവ് സി കെ ഗുപ്തന്‍ തന്നെ രംഗത്തെത്തി. ഇ എം രാധയെ സിപിഐഎം തിരിഞ്ഞുനോക്കുന്നില്ലെന്നുള്ള പ്രചരണം കല്ലുവെച്ച നുണയാണെന്ന് ഗുപ്തന്‍ പറഞ്ഞിരുന്നു. പാര്‍ട്ടി രാധയെ കണ്ണിലെ കൃഷ്ണമണി പോലെയാണ് നോക്കുന്നത്. ചികിത്സാ സംബന്ധമായ ആശുപത്രിയില്‍ നിന്നുമുള്ള ബില്ലുകള്‍ മുഴുവന്‍ അടയ്ക്കുന്നത് എകെജി സെന്ററില്‍ നിന്നുമാണ്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അടക്കമുള്ള നേതാക്കള്‍ ആശുപത്രിയില്‍ നിരവധി തവണ സന്ദര്‍ശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വസ്തുത ഇതായിരിക്കെ ഇഎംഎസിന്റെ കുടുംബത്തെ അപമാനിക്കും വിധമുള്ള പ്രചാരവേലയില്‍ ആരും കുടുങ്ങിപോകരുതെന്നും ഗുപ്തന്‍ പറഞ്ഞിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ഋഷി കമാല്‍ മറ്റൊരു പോസ്റ്റും ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇടതുപക്ഷം ഇവിടെ വേണമെന്നും അത് ദുര്‍ബ്ബലപ്പെടുമ്പോള്‍ വിമര്‍ശനങ്ങളും സ്വയം വിമര്‍ശനങ്ങളും വേണമെന്നുമായിരുന്നു ആ പോസ്റ്റില്‍ ഋഷി കമാല്‍ പറഞ്ഞത്. പഠന കാലത്ത് താന്‍ എസ്എഫ്‌ഐ ആയിരുന്നു. അപ്പോഴും ഇപ്പോഴും ഇടതുപക്ഷത്ത് തുടരുന്നു. താന്‍ പാര്‍ട്ടി സ്ഥിരാംഗത്വം കൂടിയുള്ള ഇടതുപക്ഷക്കാരനാണ്. ഇടതുപക്ഷവും അതിനെ നയിക്കുന്ന സിപിഐഎമ്മും ഇവിടെ വേണമെന്നും ഋഷി കമാല്‍ പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button