ഗസ: ട്രംപിനെ അറസ്റ്റ് ചെയ്യണം; തെളിവുകളുയര്‍ത്തി ഐസിസിയെ സമീപിക്കാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍

വാഷിങ്ടണ്‍: ഗസയിലെ കുറ്റകൃത്യങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന ആവശ്യമുയര്‍ത്തി മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ (International Criminal Court – ICC) സമീപിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്ത ആഴ്ചയോടെ ഇവര്‍ ഐസിസിക്ക് മുമ്പാകെ തങ്ങളുടെ പക്കലുള്ള തെളിവുകള്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നതായാണ് ദി നാഷണലിനെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ടാക്സ് പേയേഴ്സ് അലയന്‍സ് എഗെയ്ന്‍സ്റ്റ് ജെനോസൈഡ് – ടിഎജിസി (Taxpayer Alliance Against Genocide – TAAG) എന്ന സംഘടനയാണ് ട്രംപിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഐസിസിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. ഫലസ്തീനില്‍ നടക്കുന്ന വംശഹത്യ, യുദ്ധക്കുറ്റങ്ങള്‍, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്ക് സഹായകമാവുകയും അതിനായി പ്രേരിപ്പിക്കുകയും ചെയ്യുന്നതില്‍ ട്രംപിനും ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന തെളിവുകള്‍ ഇവര്‍ കോടതിക്ക് മുമ്പില്‍ ഹാജരാക്കും.
ഒരു വര്‍ഷത്തോളം നീണ്ടുനിന്ന തെളിവുശേഖരണത്തിന് ശേഷമാണ് ഇവര്‍ കോടതിക്ക് മുമ്പിലെത്തുന്നത്. ഗസയില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍മാരുടെ മൊഴികള്‍, ദൃക്സാക്ഷി മൊഴികളും അനുഭവങ്ങളും, വിസില്‍ ബ്ലോവര്‍മാരുടെ സാക്ഷ്യപ്പെടുത്തലുകള്, വീഡിയോ ദൃശ്യങ്ങള്‍, ഇസ്രയേലിനുള്ള യുഎസ് രാഷ്ട്രീയ-സൈനിക-നയതന്ത്ര-സാമ്പത്തിക സഹായങ്ങളെക്കുറിച്ചുള്ള രേഖകള്‍ എന്നിവയടക്കമുള്ള തെളിവുകളാണ് ഇവര്‍ ശേഖരിച്ചിട്ടില്ല.
അതേസമയം, ഇവരുടെ നീക്കത്തെ കോടതി എങ്ങനെ പരിഗണിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇവര്‍ തെളിവുകള്‍ സമര്‍പ്പിക്കുന്നു എന്നതുകൊണ്ട് മാത്രം കോടതി ആരോപണങ്ങള്‍ അംഗീകരിച്ചെന്നോ അറസ്റ്റ് വാറണ്ടുകള്‍ പുറപ്പെടുവിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചെന്നോ അര്‍ഥമില്ല. അധിനിവേശ പലസ്തീന് പ്രദേശങ്ങളിലെ യുഎന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ ഫ്രാന്‍സെസ്ക അല്‍ബനീസും പ്രതിനിധി സംഘത്തെ അഭിസംബോധന ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര നിയമവിദഗ്ധര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പലസ്തീന് അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരും ഇവര്‍ക്കൊപ്പം ചേര്‍ന്നേക്കും.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അന്വേഷണങ്ങളെച്ചൊല്ലി വാഷിങ്ടണും ഐസിസിയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ആരോപണങ്ങള്‍ കോടതിക്ക് സമര്‍പ്പിക്കാനുള്ള നീക്കം എന്നതും ശ്രദ്ധേയമാണ്.
യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ കോടതി ഉദ്യോഗസ്ഥര്‍ക്കെതിരെ യുഎസ് ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.




