‘ജനാധിപത്യം സംരക്ഷിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി തെരുവിലിറങ്ങുന്നത് വലിയ തമാശ’; പരിഹസിച്ച് ജോൺ ബ്രിട്ടാസ്

ജനാധിപത്യം സംരക്ഷിക്കാനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തെരുവിലിറങ്ങുന്നത് വലിയ കോമഡിയാണെന്ന് ജോൺ ബ്രിട്ടാസ് എംപി. രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി തന്നെ രാജ്യത്ത് ജനാധിപത്യം കൊണ്ടുവരണമെന്ന് പറയുന്നത് പരസ്പരവിരുദ്ധമാണെന്നും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട കേന്ദ്ര സർക്കാരിന്റെ നിലപാടുകളെ വൻ തോതിൽ വിമർശിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മസ്‌കറ്റിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിലെ പ്രീമിയം തുക കുത്തനെ വർദ്ധിപ്പിച്ചത് പ്രവാസി സമൂഹത്തോട് കാണിക്കുന്ന വലിയ ദ്രോഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ മൊത്തം വരുമാനത്തിന്റെ 30 ശതമാനത്തോളം സംഭാവന ചെയ്യുന്നത് വിദേശത്തുള്ള പ്രവാസികളാണ്. അങ്ങനെയുള്ള പ്രവാസികൾക്ക് കൂടുതൽ പിന്തുണയും ആനുകൂല്യങ്ങളും നൽകേണ്ട സമയത്താണിത് സംഭവിക്കുന്നത്.
പശ്ചിമേഷ്യൻ മേഖലയിലെ നിലവിലെ സംഘർഷങ്ങളും തൽഫലമായുണ്ടായ സാമ്പത്തിക അനിശ്ചിതത്വങ്ങളും കാരണം പ്രവാസികൾ വലിയ മാനസിക-സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുകയാണ്. ഈയൊരു പ്രതിസന്ധിക്കാലത്ത് ആശ്വാസനടപടികൾ സ്വീകരിക്കുന്നതിന് പകരം, പ്രീമിയം തുക കുത്തനെ കൂട്ടി പ്രവാസികളുടെ തലയിൽ ഇരുട്ടടി ഏൽപ്പിക്കുന്ന രീതി ഭരണകൂടത്തിന് ചേർന്നതല്ലെന്നും ജോൺ ബ്രിട്ടാസ് എപി കുറ്റപ്പെടുത്തി.മസ്‌കറ്റ് സോഷ്യൽ ക്ലബ്ബ് കേരള വിഭാഗം സംഘടിപ്പിച്ച ശ്രീനാരായണഗുരു അനുസ്മരണ പ്രഭാഷണ പരിപാടിയിൽ പങ്കെടുക്കാനായി ഒമാനിൽ എത്തിയതായിരുന്നു അദ്ദേഹം.



