സ്വകാര്യ ബസിൻ്റെ അമിത വേഗത, വീണ്ടും പൊലിഞ്ഞ് ജീവൻ; കൊച്ചിയിൽ കാൽനടയാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

കൊച്ചി: കൊച്ചിയിൽ അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് ഇടിച്ച് കാൽനടയാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. തൃശൂർ സ്വദേശിയായ അക്ഷരയ്ക്കാണ് ജീവൻ നഷ്ടമായത്. കാക്കനാട് – ഇടച്ചിറ റോഡിൽ ഐഎംജി ജംഗ്ഷനിലാണ് അപകടം ഉണ്ടായത്.
രാവിലെ എട്ടുമണിയോടെ ജിമ്മിൽ നിന്ന് മടങ്ങുകയായിരുന്ന യുവതിയെ, ഇടുങ്ങിയ വഴിയിലൂടെ അമിത വേഗതയിൽ എത്തിയ ബസ് ഇടിക്കുകയായിരുന്നു. യുവതിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.
‘മലയിൽ’ എന്ന സ്വകാര്യ ബസാണ് അപകടം ഉണ്ടാക്കിയത്. ബസ് അമിത വേഗതയിലായിരുന്നു എന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. മനപ്പൂർവമുള്ള നരഹത്യാ കുറ്റം ചുമത്തി ബസ് ഡ്രൈവർ ബിനോയ്യെ അറസ്റ്റ് ചെയ്തു. ഇൻഫോപാർക്കിലെ ജീവനക്കാരിയായിരുന്നു മരിച്ച അക്ഷര. വിവാഹിതയാണ്. കൊച്ചിയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരെ വ്യാപക പരാതി ഉയരുന്നതിനിടെ ആണ് ഇപ്പോഴത്തെ അപകടം



