Uncategorized

മുറസു കരതൊട്ടു; ആന്ധ്രയില്‍ കനത്ത മഴ, മണിക്കൂറില്‍ 120 കിലോ മീറ്റർ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

അമരാവതി: മുറസു കൊടുങ്കാറ്റ് ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ കരതൊട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊട്ടതിന് പിന്നാലെ സംസ്ഥാനത്ത് കനത്ത മഴ ആരംഭിച്ചു. മണിക്കൂറില്‍ 110 മുതല്‍ 120 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റടിക്കുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ആന്ധ്രയിലെ ദക്ഷിണ തീരത്ത് അടുത്ത 12 മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഐഎംഡി മുന്നറിയിപ്പ്. ബുധനാഴ്ച പുലര്‍ച്ചെ വരെ താഴ്ന്ന പ്രദേശങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ട്. ബാപ്ട്‌ല, കൃഷ്ണ, പ്രകാശം ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാല്‍നാട് 30സെന്റിമീറ്റര്‍, പ്രകാശം 24cm, മാര്‍ക്കപ്പുരം 19cm, കൃഷ്ണ, ഗുണ്ടൂര്‍, ഇലുരു, നെല്ലൂര്‍ ജില്ലകളില്‍ 9 സെന്റിമീറ്ററോളം മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആന്ധ്ര തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ വിജയവാഡ, തിരുപ്പതി, വിശാഖപട്ടണം വിമാനത്താവളങ്ങളിലെ ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. വിജയവാഡ വിമാനത്താവളത്തില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ പത്ത് ഫ്‌ളൈറ്റുകളും എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് സര്‍വീസുകളുമാണ് റദ്ദാക്കിയിട്ടുള്ളതെന്ന് ഡയറക്ടര്‍ എം ലക്ഷ്മികാന്ത റെഡ്ഢി അറിയിച്ചു. അതേസമയം വിശാഖപട്ടണം എയര്‍പോര്‍ട്ടില്‍ നിന്നുള്ള നാല് സര്‍വീസുകളാണ് റദ്ദാക്കിയിട്ടുള്ളത്. ഇതില്‍ തിരുപ്പതി – വിജയവാഡ, വിശാഖപട്ടണം – ബെംഗളുരു സര്‍വീസുകളാണ് ഉള്‍പ്പെടുന്നത്.

നിലവിലെ സാഹചര്യത്തില്‍ ഉദ്യോഗസ്ഥരോടെല്ലാം ജാഗ്രതയോടെ നിലകൊള്ളമെന്ന നിര്‍ദേശമാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നല്‍കിയിട്ടുള്ളത്. അര്‍ണാബ് ചുഴലിക്കാറ്റിനോളം ശക്തമല്ല മുറസുവെങ്കിലും ആന്ധ്രയിലെ ദക്ഷിണ തീരദേശ മേഖലയിലും റായലസീമ ജില്ലകളിലും ശക്തമായ മഴ സാധ്യത നിലനില്‍ക്കുന്നതിനാല്‍ എല്ലാ തയ്യാറെടുപ്പുകളോടെ സജ്ജമായിരിക്കണമെന്ന നിര്‍ദേശമാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്. മുറസു ദക്ഷിണ ആന്ധ്ര തീരത്തേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ അടുത്ത 24 മണിക്കൂറില്‍ പലയിടങ്ങളിലും ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, റാണിപട്ട്, വെല്ലൂര്‍, നീലഗിരി പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button