പ്രണയാഭ്യർഥന നിരസിച്ചതിന് പത്താംക്ലാസുകാരിയെ ക്ലാസിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു; യുവാവ് ഒളിവിൽ

അമരാവതി: ആന്ധ്രാപ്രദേശിൽ ക്ലാസ് മുറിയിൽ വച്ച് പത്താം ക്ലാസ് വിദ്യാർഥിക്ക് നേരെ ആക്രമണം. ഗോപിക എന്ന പത്താംക്ലാസ് വിദ്യാർഥിയാണ് ആക്രമണത്തിനിരയായത്. പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവാവ് ചെയിൻസോ ഉപയോഗിച്ച് പെൺകുട്ടിയുടെ മുഖം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അനന്തപൂർ ജില്ലയിലെ ഹൈസ്കൂളിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്.
ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ സഹപാഠികളും അധ്യാപകരും ചേർന്ന് ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായ്ഡു കർശന നിർദേശം നൽകിയിട്ടുണ്ട്.
ക്ലാസ്മുറിക്കുള്ളിലേക്ക് ചെയിൻസോയുമായി അതിക്രമിച്ചുകടന്ന പ്രതി സഹപാഠികൾ നോക്കിനിൽക്കെയാണ് ഗോപികയെ ആക്രമിച്ചത്. പെൺകുട്ടിയുടെ മുഖത്തും തലയിലും പുറത്തുമാണ് പ്രതി ആഴത്തിലുള്ള പരിക്കുകൾ ഏൽപ്പിച്ചത്. ആക്രമണം തടയാൻ ശ്രമിച്ച ലക്ഷ്മി എന്ന മറ്റൊരു വിദ്യാർഥിക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു.
ഗോപികയുടെ ബന്ധുവാണ് പ്രതിയെന്നും ഇയാൾ കുറച്ചുകാലമായി പെൺകുട്ടിയെ നിരന്തരം ശല്യപ്പെടുത്തിവരികയായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ശല്യം തുടർന്നാൽ മാതാപിതാക്കളോട് പരാതിപ്പെടുമെന്ന് ഗോപിക പ്രതിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേതുർന്നാണ് ഇയാൾ പെൺക്കുട്ടിയെ പരിക്കേൾപ്പിച്ചത്.
സംഭവത്തിൽ പൊലിസ് കേസെടുത്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കുറ്റവാളിയെ എത്രയും പെട്ടെന്ന് പിടികൂടി കടുത്ത നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പൊലിസിന് കർശന നിർദേശം നൽകിയിട്ടുണ്ട്.




