കെജി വിദ്യാർഥിയെ മൂന്നാം ക്ലാസുകാരൻ മർദിച്ചു

ചണ്ഡിഗഡ്: ഹരിയാനയിലെ പഞ്ച്കുളയിൽ സ്കൂളിൽ കെജി വിദ്യാർഥിക്ക് നേരെ മൂന്നാം ക്ലാസ് വിദ്യാർഥിയുടെ ആക്രമണം. കല്ലും പൂച്ചട്ടിയും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ചു വയസുകാരിയായ പെൺകുട്ടി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
സ്കൂൾ സമയത്താണ് സംഭവം നടന്നത്. മൂന്നാം ക്ലാസുകാരൻ ആദ്യം പെൺകുട്ടിയെ കല്ലുകൊണ്ട് എറിയുകയും തുടർന്ന് പൂച്ചട്ടിയെടുത്ത് തലയ്ക്കടിക്കുകയുമായിരുന്നു. അടി ശക്തമായതിനെ തുടർന്ന് പെൺകുട്ടി ബോധരഹിതയായി വീണെങ്കിലും പ്രതിയായ കുട്ടി കല്ലേറ് തുടർന്നു. അബോധാവസ്ഥയിലായ കുട്ടിയെ വലിച്ചിഴയ്ക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം സെക്ടർ 6-ലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ചണ്ഡിഗഡ് പി.ജി.ഐ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ നില നിലവിൽ തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
വിവരമറിഞ്ഞ് പൊലിസ് സ്കൂളിലെത്തി അന്വേഷണം ആരംഭിച്ചു. സ്കൂളിൽ ആവശ്യത്തിന് സുരക്ഷാ ക്രമീകരണങ്ങളും മേൽനോട്ടവും ഉണ്ടായിരുന്നുവോ എന്ന് വ്യക്തമാക്കാൻ പൊലിസ് സ്കൂൾ മാനേജ്മെന്റിനെ ചോദ്യം ചെയ്തുവരികയാണ്. കുട്ടികൾ തമ്മിൽ ഇത്തരം ആക്രമണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്തൊക്കെയാണെന്ന് കണ്ടെത്താൻ മൂന്നാം ക്ലാസുകാരന്റെ രക്ഷിതാക്കളെ പൊലിസ് ചോദ്യം ചെയ്യുന്നുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.




