Uncategorized

ഹിന്ദു-ക്രിസ്ത്യൻ സഹകരണത്തിന് ആഹ്വാനം നൽകി വത്തിക്കാന്‍റെ ദീപാവലി ആശംസ

വത്തിക്കാൻ: ഹൈന്ദവരും ക്രൈസ്‌തവരും സമാധാന പാതയിൽ സഹകരിച്ച് മുന്നോട്ടു പോകണമെന്ന ആഹ്വാനവുമായി വത്തിക്കാന്‍റെ ദീപാവലി ആശംസ. മതാന്തരസംവാദങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയമാണ് സന്ദേശം പുറത്തിറക്കിയത്. സമാധാനത്തിന്‍റെ സന്ദേശമോതുന്ന അസീസി ചൈതന്യം, സാർവത്രിക സാഹോദര്യം, ദരിദ്രരോടും ദുർബലരോടുമുള്ള ഐക്യദാർഢ്യം എന്നിവയും സന്ദേശത്തിൽ ഊന്നിപ്പറയുന്നു.

ദീപാവലിയുടെ പശ്ചാത്തലത്തിൽ, മതാന്തരസംവാദങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, സെക്രട്ടറി മോൺ. ഇന്ദുനിൽ ജനകരത്നെ എന്നിവരാണ് സന്ദേശത്തിൽ ഒപ്പിട്ടിരിക്കുന്നത്.

1986 ഒക്ടോബർ 27ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ ക്ഷണപ്രകാരം, സമാധാനത്തിനായി പ്രാർഥിക്കാൻ ലോകമതങ്ങളുടെ പ്രതിനിധികൾ അസിസിയിൽ സമ്മേളിച്ചതിന്‍റെ നാൽപതാം വാർഷികമാണ് ഈ വർഷമെന്ന് സന്ദേശം അനുസ്മരിക്കുന്നു.

യുദ്ധങ്ങളും സംഘർഷങ്ങളും മതത്തിന്‍റെയും രാഷ്‌ട്രീയത്തിന്‍റെയും ദുരുപയോഗവും മൂലം ജനങ്ങൾ ദുരിതമനുഭവിക്കുകയും അസമാധാനത്തിൽ കഴിയുകയും ചെയ്യുന്ന സാഹചര്യത്തിൽ സമാധാനത്തിനായുള്ള പരിശ്രമങ്ങൾക്കും പ്രാർഥനയ്ക്കും സവിശേഷ സ്ഥാനമുണ്ടെന്നു രേഖ ഓർമിപ്പിക്കുന്നുണ്ട്.

സമാധാനത്തിനായുള്ള ആഹ്വാനമെന്ന അടിസ്ഥാനചിന്ത എല്ലാ മതങ്ങളിലുമുള്ളതാണെന്നു പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പായുടെ മഞ്ഞീഫിക്ക ഉമാനിത്താസ് എന്ന ചാക്രികലേഖനത്തിലെ വാക്കുകളെ അധികരിച്ച് സന്ദേശം ഒാർമിപ്പിക്കുന്നു. അക്രമം മതങ്ങളുടെ അടിസ്ഥാന മൂല്യങ്ങൾക്കു വിരുദ്ധമാണെന്നും ഉദ്ബോധിപ്പിക്കുന്നുണ്ട്.

വിവിധ മതവിശ്വാസികളുമായുള്ള സഹകരണം ഉറപ്പാക്കാനും സാഹോദര്യത്തിന്‍റെയും സംവാദത്തിന്‍റെയും പാത പിന്തുടരാനും ഹിന്ദുക്കൾക്കും ക്രൈസ്തവർക്കും സാധിക്കേണ്ടതിന്‍റെ പ്രാധാന്യവും സന്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button