ശൈശവ വിവാഹത്തിനെതിരെ വ്യാപക നടപടി, അസമിൽ 441 കേസുകളിലായി 524 പേരെ അറസ്റ്റ് ചെയ്തുവെന്ന് മുഖ്യമന്ത്രി

ദിസ്പുർ: അസമിൽ ശൈശവവിവാഹത്തിനെതിരെ വ്യാപക നടപടിയുമായി സർക്കാർ. ഒക്ടോബർ 27 വരെ 441 കേസുകളിലായി 524 പേരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു. ശൈശവവിവാഹം നടത്തിയ വരനും വിവാഹം നടത്തുകയും അതിന് സഹായിക്കുകയും ചെയ്തവർക്കെതിരെയാണ് നടപടി. സംസ്ഥാനത്തുടനീളമുള്ള വിവിധ ജില്ലകളിൽ പൊലീസ് പരിശോധന തുടരുകയാണ്. ശൈശവവിവാഹത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന മന്ത്രിസഭ പൊലീസിന് നിർദേശം നൽകിയിരുന്നു. അറസ്റ്റിലായവർക്കെതിരെ ശൈശവവിവാഹ നിരോധന നിയമപ്രകാരവും, ബാധകമായ കേസുകളിൽ പോക്സോ നിയമപ്രകാരവും കേസെടുത്തു. ശൈശവവിവാഹം പൂർണമായി ഇല്ലാതാക്കുന്നതുവരെ നടപടി തുടരുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി.
2024-ലെ ക്യാമ്പയിനുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 113 കേസുകളും 125 അറസ്റ്റുകളും അധികമായി നടന്നിട്ടുണ്ട്. കഴിഞ്ഞ വർഷം 363 കേസുകളും 432 അറസ്റ്റുകളുമാണ് രേഖപ്പെടുത്തിയിരുന്നത്. സംസ്ഥാനത്ത് നിന്ന് ബാലവിവാഹം പൂർണ്ണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
“ഈ വർഷവും ഞങ്ങൾ പരിശോധനകളും നടപടികളും തുടരുന്നുണ്ട്. ഇതുവരെ അഞ്ഞൂറിലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, കൂടുതൽ അറസ്റ്റുകൾ ഇനിയും ഉണ്ടായേക്കാം. അസമിൽ നിന്ന് ബാലവിവാഹം പൂർണ്ണമായി ഇല്ലാതാകുന്നതുവരെ ഞങ്ങളുടെ ശ്രമങ്ങൾ തുടരും,” മുഖ്യമന്ത്രി വ്യക്തമാക്കി.
സർക്കാർ നടത്തിയ വിലയിരുത്തലുകൾ പ്രകാരം അസമിൽ ബാലവിവാഹ സംഭവങ്ങളിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 2021-22 നും 2023-24 നും ഇടയിൽ 20 ജില്ലകളിലെ 1,132 ഗ്രാമങ്ങളിൽ ഇത്തരം കേസുകളിൽ 81 ശതമാനത്തിന്റെ കുറവാണ് ഉണ്ടായതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ബാലവിവാഹത്തിനെതിരെയുള്ള പൊലീസിന്റെയും ഭരണകൂടത്തിന്റെയും പരിശോധനകൾ മുന്നോട്ടുപോകുമെന്നും അധികൃതർ അറിയിച്ചു.




