വെള്ള കാറിലെത്തിയ പുരുഷനും സ്ത്രീയും; പത്തനംതിട്ടയിൽ രണ്ടിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

പത്തനംതിട്ട: അടൂർ പഴകുളത്തും കൊടുമൺ അങ്ങാടിക്കലിലും കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. ഈ മാസം 26ന് വൈകിട്ടാണ് അടൂർ പഴകുളത്ത് 9 വയസ്സുള്ള രണ്ടു പെൺകുട്ടികളെ തട്ടി കൊണ്ടുപോകാൻ ശ്രമം നടന്നത്. കനാൽ റോഡിൽ കാടുമൂടിയ വിജനമായ ഭാഗത്ത് വെച്ചാണ് കാറിൽ എത്തിയ രണ്ടു പേർ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കുട്ടികളെ കാറിൽ കയറാൻ നിർബന്ധിക്കുകയായിരുന്നു. ഈ സമയം മറ്റൊരു വീട്ടമ്മ കണ്ടതിനാൽ കുട്ടികൾ രക്ഷപ്പെട്ടു. വെള്ള നിറത്തിലുള്ള കാറിൽ എത്തിയ ഒരു സ്ത്രീയും മുടി നീട്ടി വളർത്തിയ പുരുഷനുമാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതെന്നാണ് കുട്ടികളുടെ മൊഴി.
പിന്നാലെയാണ് കൊടുമൺ അങ്ങാടിക്കലിലും കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി ഉയർന്നത്. ഒറ്റത്തേക്ക് കൊച്ചുകൽ ജങ്ഷനിൽ നിന്നും അഞ്ചാം ക്ലാസുകാരനെയാണ് തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. സ്കൂളിൽ കൊണ്ടുവിടാം എന്ന് പറഞ്ഞാണ് കാറിൽ എത്തിയ സ്ത്രീയും പുരുഷനും കുട്ടിയെ സമീപിച്ചത്. എന്നാൽ കുട്ടി വാഹനത്തിൽ കയറാൻ കൂട്ടാക്കിയില്ല. ഇതോടെ ശ്രമം ഉപേക്ഷിച്ച് ഇവർ കാറോടിച്ചു പോയി. ഒരേ സംഘം തന്നെയാണ് രണ്ടിടത്തും എത്തിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.



