ഉറങ്ങിക്കിടന്ന ഭർത്താവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; യുവതിയും കാമുകനും അറസ്റ്റിൽ

ലക്നോ: ഉറങ്ങിക്കിടന്ന ഭർത്താവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവതിയും കാമുകനും അറസ്റ്റിൽ. സർക്കാർ സീനിയർ അക്കൗണ്ടന്റ് ശശാങ്ക് കന്ത്രിയെയാണ് (35) ഭാര്യ പ്രിയയും (32) ഇവരുടെ കാമുകനും ജിം ട്രെയിനറുമായ പ്രതാപ് സിംഗും (30) ചേർന്നാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതാപുമായുള്ള ഭാര്യയുടെ അവിഹിത ബന്ധം കണ്ടെത്തിയതിനെ തുടർന്ന് ശശാങ്ക് സ്ഥലംമാറാൻ തീരുമാനിച്ചതാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലിസ് പറഞ്ഞു. ഗാസിയാബാദിലെ വസുന്ധരയിലാണ് സംഭവം നടന്നത്.
ശശാങ്ക് ഉറങ്ങിക്കിടക്കുമ്പോൾ പ്രതാപ് വീട്ടിൽ അതിക്രമിച്ചു കയറി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശശാങ്ക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഈ വർഷം ജനുവരിയിലാണ് വസുന്ധരയിലെ ജിമ്മിൽ പ്രതാപ് ട്രെയിനറായി ജോലിക്കെത്തിയത്. ജിമ്മിലെ സ്ഥിരം സന്ദർശകയായ പ്രിയയുമായി ഇയാൾ അടുപ്പത്തിലായി. സെപ്റ്റംബർ അവസാനത്തോടെയാണ് ശശാങ്ക് ഭാര്യയുടെ അവിഹിത ബന്ധത്തെക്കുറിച്ച് അറിയുന്നത്. പ്രിയയോട് ഈ ബന്ധം അവസാനിപ്പിക്കാനും ജിമ്മിൽ പോകുന്നത് നിർത്താന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ പ്രശ്നം രൂക്ഷമായതിനെ തുടർന്ന് ശശാങ്ക് ഡൽഹിയിലേക്ക് വീട് മാറി താമസിക്കാൻ തീരുമാനിക്കുകയും ഞായറാഴ്ചയോടെ പുതിയ വീട് നോക്കുകയും ചെയ്തിരുന്നു. ഈ നീക്കത്തെ പ്രിയ എതിർത്തിരുന്നു. തുടർന്ന് പ്രിയയും പ്രതാപും ചേർന്ന് ശശാങ്കിനെ വധിക്കാൻ ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് പൊലിസ് സംശയിക്കുന്നു.
പതിവുപോലെ തിങ്കളാഴ്ച പുലർച്ചെ അഞ്ചിനു പ്രിയ ജിമ്മിലേക്ക് പോയി. ഭർത്താവും മകളും ഉറങ്ങിക്കിടക്കുമ്പോൾ വീടിന്റെ മുൻവാതിൽ അടയ്ക്കാതെ തുറന്നിട്ടിട്ടാണ് പ്രിയ പോയത്. ഇതെ തുടർന്നാണ് പ്രതാപ് വീട്ടിലെയ്ക്ക് കയറിയത്. രണ്ട് കട്ടികളുമായി വീട്ടിലെത്തിയ പ്രതാപ് ഉറങ്ങിക്കിടക്കുകയായിരുന്ന ശശാങ്കനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിനിടെ ഉണർന്ന ശശാങ്ക് ബഹളം വയ്ക്കുകയും മകൾ കരയുകയും ചെയ്തതോടെ അയൽവാസികൾ ഓടിയെത്തി.
വീട്ടിൽ നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതാപിനെ അയൽവാസികൾ ബൈക്കിൽ പിന്തുടർന്ന് പ്രതിയെ പിടികൂടി പൊലിസിൽ ഏൽപ്പിച്ചു. ഇയാളുടെ കൈയിൽ നിന്ന് രണ്ട് കത്തികളും പൊലിസ് കണ്ടെടുത്തു.
ശശാങ്കിന്റെ സഹോദരൻ റിതേഷിന്റെ പരാതിയിൽ പ്രിയയ്ക്കും പ്രതാപിനുമെതിരെ പൊലിസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുക്കൊണ്ടിരിക്കുകയാണ്.



