Uncategorized

തമിഴ്‌നാട്ടില്‍ 17 തടവുകാര്‍ ജയില്‍ചാടി; ഒരാള്‍ പിടിയില്‍, കേരളാ അതിര്‍ത്തിയില്‍ അടക്കം പരിശോധന

ചെന്നൈ: തമിഴ്‌നാട് തേനി ആണ്ടിപ്പെട്ടിയിലെ സബ് ജയിലില്‍ നിന്നും 17 പേര്‍ ചാടിപ്പോയി. വിചാരണ തടവുകാരാണ് സുരക്ഷാ ജീവനക്കാരെ ആക്രമിച്ച ശേഷം ചാടിപ്പോയത്. ഇതില്‍ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ജയിലിന് സമീപമുള്ള കാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റുള്ളവര്‍ക്കായുള്ള പൊലീസ് പരിശോധ നടത്തുകയാണ്.

കേരള- തമിഴ്‌നാട് അതിര്‍ത്തിലെ ചെക്ക് പോസ്റ്റുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജയില്‍ചാടിയവര്‍ കേരളത്തിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. രക്ഷപെട്ടവര്‍ ഇടുക്കി വഴി കേരളത്തിലേക്ക് കടക്കാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചെക്ക്‌പോസ്റ്റുകളില്‍ ഉള്‍പ്പെടെ വാഹനപരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

രക്ഷപ്പെട്ട 17 പ്രതികളും ഒരു സെല്ലിലാണ് കിടന്നിരുന്നത്. സുരക്ഷയ്ക്കുണ്ടായിരുന്ന നാല് പൊലീസുകാരെ ആക്രമിച്ചാണ് വിചാരണ തടവുകാര്‍ രക്ഷപ്പെട്ടത്. പ്രതികളില്‍ ഒരാള്‍ക്ക് സുഖമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ജീവനക്കാരെ സെല്ലിനുള്ളില്‍ പ്രവേശിച്ചപ്പോഴായിരുന്നു ആക്രമണം. ആക്രമണത്തില്‍ തങ്കപാണ്ടി എന്ന പൊലീസുകാരന് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റ് രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.വില്ലുപുരം ജില്ലയില്‍ നിന്നുള്ളവരാണ് ജയില്‍ ചാടിയവരില്‍ എറെയുമെന്നാണ് വിവരം. ജയില്‍ ചാടിയവരുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സമീപത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് ഉള്‍പ്പെടെ കൈമാറിയതായും തിരച്ചില്‍ ഊര്‍ജിതമാണെന്നും പൊലീസ് അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button