‘ഫോർട്ട് കൊച്ചി നിറയെ മുസ്ലിങ്ങള്‍’; വിവാദ വീഡിയോയിലെ കമന്റില്‍ വിശദീകരണവുമായി ദിയ കൃഷ്ണ

കൊച്ചി: ഉത്തരേന്ത്യന്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ മുസ്ലിം വിരുദ്ധ വിദ്വേഷ വീഡിയോയ്ക്ക് താഴെ പങ്കുവെച്ച ‘സാഡ് റിയാലിറ്റി’ എന്ന കമന്റ് വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെ വിശദീകരണവുമായി ഇന്‍ഫ്ളുവന്‍സറും ബിജെപി നേതാവ് കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രത്തോടൊപ്പം ജിന്നയുടെ ചിത്രം ചുവരില്വെച്ചതിനെക്കുറിച്ചായിരുന്നു തന്റെ കമന്റ് എന്നും വീഡിയോയില്‍ മുസ്ലിങ്ങളെക്കുറിച്ച് പറയുന്ന ഭാഗം കേട്ടിട്ടില്ലെന്നും ദിയ കൃഷ്ണ പറയുന്നു. വീഡിയോയുടെ ആദ്യഭാഗം മാത്രം കണ്ട് കമന്റ് ചെയ്തതാണ് തന്റെ തെറ്റ്. അതില്‍ മാപ്പ് ചോദിക്കുന്നു. ജിന്നയുടെ ഫോട്ടോ കണ്ടതിനാണ് കമന്റ് ഇട്ടത്. അത് ഇനി എവിടെ കണ്ടാലും ഇടും എന്നും ദിയ കൃഷ്ണ പറഞ്ഞു.
‘കാര്യങ്ങള്‍ വളച്ചൊടിച്ചു. കണ്ടപ്പോള്‍ ഹൃദയം തകര്‍ന്നു. കേരളത്തില്‍ ഹിന്ദു-മുസ്ലിം, ഹിന്ദു-ക്രിസ്ത്യന്‍ സംഘര്‍ഷം ഉണ്ടായാല്‍ അതിന്റെ ഒത്ത നടുക്ക് ഞാനോ അച്ഛനോ ഉണ്ടാകും. അതൊരു ട്രെന്റ് ആയി മാറി. കേരളത്തിനകത്ത് പാകിസ്ഥാന് പ്രധാനമന്ത്രിയുടെ വീഡിയോ എന്തിന് വെയ്ക്കുന്നുവെന്നതായിരുന്നു ആ വീഡിയോയില്‍ ആദ്യഭാഗത്ത് പറയുന്നത്. ഇന്ത്യയിലെ പുരാതന നഗരത്തിന്റെ പേരുള്ള കഫേയില്‍ മഹാത്മാഗാന്ധിയുടെയോ നെഹ്റുവിന്റെയോ ചിത്രം വെച്ചാല്‍ മനസ്സിലാക്കാം. പക്ഷെ ജിന്നയുടെ എന്തിനാണ് വെച്ചതെന്ന് മനസ്സിലായില്ല. മനസ്സിലാകുന്നവര്‍ ഉണ്ടെങ്കില്‍ അതിനെക്കുറിച്ച് വീഡിയോ ഇട്ടോളു. എനിക്കൊന്നും സംസാരിക്കാനില്ല. ആദ്യഭാഗം കണ്ടിട്ടാണ് സാഡ് റിയാലിറ്റി എന്ന് കമന്റ് ചെയ്തത്’, ദിയ കൃഷ്ണ പറയുന്നു.കേരളത്തില്‍ ഇത് എങ്ങനെ സംഭവിച്ചു. ആരാണ് ഈ ഐഡിയ കൊടുത്തതെന്ന് അറിയില്ല. അതൊരു സാഡ് റിയാലിറ്റിയാണ്. രണ്ടാം ഭാഗത്ത് പറഞ്ഞകാര്യങ്ങള്‍ ശ്രദ്ധിച്ചില്ല. കൊച്ചിയിലെ മുസ്ലിമിനെക്കുറിച്ച് പറയുന്നത് കേട്ടിട്ടില്ല. കൊച്ചിയില്‍ വരുമ്പോഴടക്കം കേരളത്തിന് പുറത്തും ഏറ്റവും കൂടുതല്‍ എനിക്കൊപ്പം സെല്‍ഫിയെടുക്കുന്നത് മുസ്ലിം പെണ്‍കുട്ടികളാണ്. എന്റെ അങ്കിള്‍ മുസ്ലിമാണ്. കുടുംബത്തിനകത്ത് തന്നെ മുസ്ലിം ഉണ്ടായിട്ട് കേരളത്തിലെ മുസ്ലിങ്ങള്‍ ഇറങ്ങിപോകണമെന്ന് ഞാനെവിടെയും പറഞ്ഞിട്ടില്ല. ഇനി പറയുകയും ഇല്ല. അത്തരമൊരു വിദ്വേഷം ഒരു കമ്മ്യൂണിറ്റിയോടും ഇല്ല. ഞാന്‍ ഹിന്ദുവാണ്. ആ മതം തന്നെയാണ് എനിക്ക് ഇഷ്ടം. എന്നാല്‍ മറ്റൊരു മതത്തോട് എതിര്‍പ്പില്ല’, എന്നും ദിയ കൃഷ്ണ പറഞ്ഞു.




