‘UP തെരഞ്ഞെടുപ്പില്‍ BJP ടിക്കറ്റിൽ മത്സരിക്കണം’; കൊലക്കേസ് പ്രതിയുടെ ജീവപര്യന്തം ശിക്ഷ സ്റ്റേ ചെയ്ത് കോടതി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആഗ്രഹവുമായി അപ്പീല്‍ നല്‍കിയതിന് പിന്നാലെ കൊലപാതക കേസിലെ പ്രതിയുടെ ജീവപര്യന്തം ശിക്ഷ സ്റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി. ബിജെപി ടിക്കറ്റിലോ സ്വതന്ത്രമായോ മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച പ്രതിയുടെ ശിക്ഷയാണ് കോടതി സ്‌റ്റേ ചെയ്യുകയും ജാമ്യം നല്‍കുകയും ചെയ്തത്. 2017ലെ കൊലക്കേസില്‍ കഴിഞ്ഞ വര്‍ഷം ശിക്ഷ വിധിക്കപ്പെട്ട നന്ദലാല്‍ റായി അഥവാ ബാബ്ലൂ റായി എന്നയാളുടെ ശിക്ഷയാണ് ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ്, ജസ്റ്റിസ് വിനയ് കുമാര്‍ ദ്വിവേദി എന്നിവരടങ്ങുന്ന ബെഞ്ച് സ്റ്റേ ചെയ്തത്.
‘ഉപജീവനമാര്‍ഗം തേടാനുള്ള സാധാരണക്കാരന്റെ അവകാശത്തിന് താഴെയല്ല, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള രാഷ്ട്രീയക്കാരന്റെ അവകാശം. അതുകൊണ്ട് ഹര്‍ജിക്കാരന്റെ ശിക്ഷ സ്റ്റേ ചെയ്യുന്നു. ഈ അപ്പീലില്‍ അന്തിമ വിധി വരുന്നത് അദ്ദേഹത്തിന് അതിജീവിക്കാന്‍ സാധിക്കട്ടെ’, കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് ശിക്ഷ ലഭിക്കുന്നതിന് മുമ്പ് പ്രതി രാഷ്ട്രീയക്കാരനായിരുന്നുവെന്നും ബിജെപി പ്രവര്‍ത്തകനായിരുന്നുവെന്നും ചൂണ്ടിക്കാട്ടി കോടതി ജാമ്യം നല്‍കുകയും ചെയ്തു.
സമാജ്‌വാദി എംപി അഫ്ജല്‍ അന്‍സാരി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് യുപി കേസിലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. നന്ദലാലിന്റെ കൂട്ടാളിയായിരുന്ന ശേഷാന്ത് ശര്‍മയും കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇയാള്‍ക്കും കോടതി ജാമ്യം നല്‍കി. പ്രമോദ് കുമാര്‍ നിഗം എന്നയാളെ കൊലപ്പെടുത്തിയതിന് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 15നാണ് വാരണാസി കോടതി ഇരുവര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചത്.
51കാരനായ പ്രമോദ് കുമാര്‍ നിഗത്തിന് റായിയുമായി വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. സിഗ്‌റയിലെ റോഡിനരികില്‍ വഴിയോരക്കച്ചവടക്കാര്‍ വസ്ത്രങ്ങള്‍ വില്‍ക്കുന്ന സ്ഥലത്ത് മീന്‍ വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നമായിരുന്നു ഇരുവര്‍ക്കുമിടയില്‍ ഉടലെടുത്തത്. നന്ദലാല്‍ റായിക്ക് മത്സ്യ വ്യാപാരവും പ്രമോദ് കുമാര്‍ നിഗം വസ്ത്ര വ്യാപാരിയുമായിരുന്നു. പിന്നാലെ പ്രമോദ് കുമാര്‍ നിഗത്തെ വെടിയേറ്റ് മരിച്ചതായി കാണുകയും ഇയാളുടെ മകന്‍ ഹിമാന്‍ഷു പരാതി നല്‍കുകയുമായിരുന്നു.




