നെടുമ്പാശേരി മിനി കൂപ്പര് അപകടം; പ്രതി സുഹൈലിന്റെ അമ്മയുടെ മൊഴിയെടുക്കും

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസിൽ അന്വേഷണം ഊർജിതമാക്കി പൊലിസ്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന സുഹൈൽ സജീവിന്റെ അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. അപകടത്തിൽപ്പെട്ട മിനി കൂപ്പറിന്റെ ആർസി ഉടമ സുഹൈലിന്റെ അമ്മയാണെന്നാണ് പൊലിസിന്റെ കണ്ടെത്തൽ. കൊല്ലപ്പെട്ട വിദ്യാർഥികളുടെ കുടുംബാംഗങ്ങളെ നേരിട്ട് കണ്ട് മൊഴിയെടുക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പാലക്കാടും വയനാടും സന്ദർശിച്ച് കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തും. ഇതിനുപുറമെ സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനുള്ള നടപടികളും പൊലിസ് ആരംഭിച്ചിട്ടുണ്ട്. അപകടസമയത്ത് വാഹനം ഓടിച്ച സുഹൈൽ സജീവ്, സഹയാത്രികരായ നിനവ്, ജോയൽ, അമീർ എന്നിവരുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
സുഹൈൽ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് രക്തപരിശോധനയിൽ വ്യക്തമായതായി പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. സഹയാത്രികർ സുഹൈലിനെ വാഹനം ഓടിക്കുന്നതിൽനിന്ന് തടയാൻ ശ്രമിച്ചില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. സംഭവവുമായി ബന്ധപ്പെട്ട ദൃക്സാക്ഷിമൊഴികളും സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘത്തിന്റെ പക്കലുണ്ട്. അപകടസമയത്തെ നിർണായക വിവരങ്ങൾ ലഭിക്കാവുന്ന വാഹനത്തിലെ ഇവന്റ് ഡാറ്റ റെക്കോർഡറിന്റെ ശാസ്ത്രീയ പരിശോധന ഇതുവരെ പൂർത്തിയായിട്ടില്ല.
കഴിഞ്ഞ 11ന് പുലർച്ചെയാണ് വിമാനത്താവള റോഡിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി പൊലിസ് കഴിഞ്ഞ ദിവസം അപകടസ്ഥലത്ത് പരിശോധന നടത്തിയിരുന്നു. വാഹനത്തിന്റെ വേഗത, അപകടത്തിന്റെ സാഹചര്യം, സംഭവത്തിലേക്ക് നയിച്ച മറ്റ് ഘടകങ്ങൾ എന്നിവ സംബന്ധിച്ച അന്വേഷണം തുടരുകയാണ്.




